Kerala local body elections 2025| തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

Jaihind News Bureau
Friday, November 14, 2025

 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇതോടുകൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഔദ്യോഗിക നടപടികള്‍ക്ക് ഇന്ന് തുടക്കമാവും. രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാവുന്നതാണ്. പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴ് ദിവസമാണ് ലഭിക്കുക. ഈ മാസം 21-നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്നേ ദിവസം വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാം. നവംബര്‍ 22-ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 2020-ലെ തിരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് പത്രിക നല്‍കിയിരുന്നതെങ്കിലും, 74,835 സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് അന്തിമമായി മത്സരരംഗത്തുണ്ടായിരുന്നത്.

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഡിസംബര്‍ 11-നും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13-നാണ് നിശ്ചയിച്ചിട്ടുള്ളത്.

ആകെയുള്ള 1200 തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളില്‍, മട്ടന്നൂര്‍ ഒഴികെ 1199 സ്ഥാപനങ്ങളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. ആകെ 23,576 വാര്‍ഡുകളിലേക്കാണ് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 2,84,30,761 വോട്ടര്‍മാരാണ് ആകെ പട്ടികയിലുള്ളത്. ഇതില്‍ 2841 പ്രവാസി വോട്ടര്‍മാരും 12,035 സംവരണ വാര്‍ഡുകളും ഉള്‍പ്പെടുന്നു.