Bilaspur train accident| ബിലാസ്പൂരില്‍ വന്‍ ദുരന്തം: പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 11 മരണം; 20 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Wednesday, November 5, 2025

ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ 11 പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, മെമു ലോക്കല്‍ ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് മുന്നില്‍ പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്‍ഭാഗത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമായത്.

ഇടിയുടെ ആഘാതത്തില്‍ ഒന്നിലധികം കോച്ചുകള്‍ പാളം തെറ്റി. ഓവര്‍ഹെഡ് വയറുകള്‍ക്കും സിഗ്‌നലിംഗ് സംവിധാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ബിലാസ്പൂര്‍-കാറ്റ്‌നി റൂട്ടിലൂടെയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. അപകടത്തിന് പിന്നാലെ റെയില്‍വേ രക്ഷാപ്രവര്‍ത്തകര്‍, ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍, ലോക്കല്‍ പൊലീസ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി ദുരിതാശ്വാസ-ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടിയന്തര മെഡിക്കല്‍ സംഘങ്ങള്‍ പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ നല്‍കി. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. ജില്ലാ കളക്ടറുമായി സംസാരിച്ചതായും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തും.