
തിരുവനന്തപുരം: ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. പ്രമേയത്തെച്ചൊല്ലിയുണ്ടായ ശക്തമായ തര്‍ക്കത്തെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗം ബഹളമയമായി പിരിയുകയായിരുന്നു.
സിന്‍ഡിക്കേറ്റിലെ 22-ല്‍ 19 അംഗങ്ങളും രജിസ്ട്രാര്‍ക്ക് അനുകൂലമായ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍, വൈസ് ചാന്‍സലറും (വി.സി.) ബി.ജെ.പി. അംഗങ്ങളായ രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രമേയത്തെ ശക്തമായി വിയോജിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവ് ഉടന്‍ ഇറക്കണമെന്ന് സി.പി.എം. അംഗങ്ങള്‍ കടുത്ത നിലപാടെടുത്തതോടെ യോഗത്തില്‍ തര്‍ക്കം മൂര്‍ച്ഛിച്ചു. ഇതേത്തുടര്‍ന്ന് യോഗം തടസ്സപ്പെടുകയും ബഹളത്തോടെ പിരിയുകയും ചെയ്തു.
സിന്‍ഡിക്കേറ്റിന്റെ ഈ തീരുമാനത്തെത്തുടര്‍ന്ന്, വിഷയത്തില്‍ അന്തിമ നിലപാട് എടുക്കുന്നതിനായി വൈസ് ചാന്‍സലര്‍ (വി.സി.) ഇത് ഗവര്‍ണറുടെ പരിഗണനയ്ക്ക് വിട്ടു. കേരള സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ് ഗവര്‍ണര്‍. ഹൈക്കോടതി നിര്‍ദേശം: അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിലനില്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ഹൈക്കോടതി, ഈ വിഷയത്തില്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്.