Women’s World Cup Final| വനിതാ ലോകകപ്പ് ഫൈനല്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക തീപാറും പോരാട്ടം; പുതിയ ചാമ്പ്യന്‍മാര്‍ ഇന്ന് പിറക്കും

Jaihind News Bureau
Sunday, November 2, 2025

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ അവകാശികളാകും. ചരിത്രത്തിലാദ്യമായി കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ കലാശപ്പോരിനിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുക.

സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഫൈനല്‍ ടിക്കറ്റ് നേടിയത്. ജമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ചേസിംഗ് വിജയം സമ്മാനിച്ചത്. മറുവശത്ത്, ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് 125 റണ്‍സിന് വിജയിച്ചാണ് ലോറ വോള്‍വാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയത്. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്.

ഇന്ത്യ മൂന്നാം തവണയാണ് ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2005-ലും 2017-ലും ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ദുഃഖം മാറ്റാന്‍ ഒരു വിജയമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം. അതേസമയം, ആദ്യമായി ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയും കിരീടം നേടാന്‍ ഉറച്ചുതന്നെയാണ് ഇറങ്ങുന്നത്.

ഇന്ത്യന്‍ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാകും ഫൈനലില്‍ നിര്‍ണായകമാകുക. മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും, മത്സരം പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ദിനമായി നവംബര്‍ 3 തിങ്കളാഴ്ചയും ഒരുക്കിയിട്ടുണ്ട്.