V D SATHEESAN| തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിനൊപ്പമെന്ന് വി ഡി സതീശന്‍

Jaihind News Bureau
Monday, July 21, 2025

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കണമെന്നും വോട്ട് ചേര്‍ക്കാനുള്ള ദിവസം പതിനഞ്ചില്‍ നിന്ന് മുപ്പത് ദിവസമായി വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി പി എം നടത്തിയ ശ്രമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുട പിടിച്ച് കൊടുക്കുകയാണ്. അതില്‍ നിന്ന് കമ്മീഷന്‍ പിന്‍ വാങ്ങണം. അല്ലെങ്കില്‍ നിയമപര്‍മായി നേരിടും. ആര് വിദ്വേഷ പ്രചാരണം നടത്തിയാലും കേരളത്തിലെ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. സി പി എം ആരെയാണ് വിമര്‍ശിച്ചതെന്ന് വ്യക്തമല്ലെന്നും സിപിഎം നടത്തിയത് ആകാശത്തേക്കുള്ള വെടി മാത്രമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍മാര്‍ വന്നു പ്രശ്‌നമുണ്ടാക്കും. മാധ്യമങ്ങള്‍ അതിന് പിന്നാലെ പോകും. ഈ സെറ്റില്‍മെന്റ് എത്രകാലമായി കാണുന്നു
ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടായിരുന്ന സമയത്തെ അതേ സെറ്റില്‍മെന്റ് ആണ് ഇപ്പോഴും നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ആംബുലന്‍സ് തടഞ്ഞത് കൊണ്ട് രോഗി മരിച്ചെന്ന വാര്‍ത്ത വ്യാജ പ്രചാരണമാണെന്നും സമരക്കാര്‍ തന്നെ മുന്‍കൈയെടുത്താണ് രോഗിയെ ആംബുലന്‍സില്‍ കയറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.