ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കു നേരേ തിരിഞ്ഞതായി രാഹുല്‍ഗാന്ധി; വഖഫ് ബില്‍ മാതൃകയില്‍ സമുദായങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായതായും രാഹുല്‍

Jaihind News Bureau
Saturday, April 5, 2025

ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കു നേരേ തിരിഞ്ഞതായി രാഹുല്‍ഗാന്ധി.. വഖഫ് ബില്‍ മുസ്ലീങ്ങളെയാണ് ആക്രമിക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് സമുദായങ്ങളെയും ഇതേ മാതൃകയില്‍ ആര്‍ എസ് എസ് ലക്ഷ്യം വയ്ക്കുമെന്ന് നേരത്ത തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്നും രാഹുല്‍ഗാന്ധി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ആര്‍ എസ്സ എസിന്റെ അത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണെന്നും അദ്ദേഹംഓര്‍മ്മിപ്പിച്ചു. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ടെലിഗ്രാഫില്‍ വന്ന ഒരു ലേഖനവും അദ്ദേഹം ഇതോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്ന് പാര്‍ലമെന്റില്‍ വഖഫ് (ഭേദഗതി) ബില്‍ പാസാക്കിയതിനുശേഷം, കത്തോലിക്കാ സഭയുടെ കൈവശമുള്ള ഭൂമിയിലേക്ക് ആര്‍എസ്എസ് ശ്രദ്ധ തിരിക്കുന്നതായി സംഘപരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസര്‍ മാസിക ഒരു ലേഖനത്തില്‍ ആരോപിക്കുന്നതായി ടെലഗ്രാഫ് ലേഖനം പറയുന്നു.

”ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ ഭൂമി ? കത്തോലിക്കാ സഭ vs വഖഫ് ബോര്‍ഡ് ചര്‍ച്ച” എന്ന തലക്കെട്ടിലുള്ള ഓര്‍ഗനൈസര്‍ ലേഖനത്തില്‍, കത്തോലിക്കാ സ്ഥാപനങ്ങള്‍ കൈവശം വയ്ക്കുന്നത് 7 കോടി ഹെക്ടറാണെന്ന് അവകാശപ്പെടുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ ഇവരാണെന്നും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന് കാര്യമായ അധികാരങ്ങള്‍ നല്‍കുന്നതാണ് വഖഫ് (ഭേദഗതി) ബില്‍. മതപരമായ ആവശ്യങ്ങള്‍ക്കായി ഒരു മുസ്ലീം നല്‍കുന്ന വഖഫ് സ്വത്തില്‍ സര്‍ക്കാരിന ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് ഈ ബില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. വിവാദപരമായ നിയമനിര്‍മ്മാണം പാസാക്കുന്നതിനും പ്രതിപക്ഷത്തെ രാഷ്ട്രീയമായി ആക്രമിക്കാനും കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ നല്‍കിയ പിന്തുണ ബിജെപി ഉപയോഗിച്ചു. വഖഫിനു ശേഷം കത്തോലിക്കാ സഭയെ ലക്ഷ്യം വച്ചുള്ള സമാനമായ ഒരു നീക്കത്തിനുള്ള അജണ്ട ആര്‍ എസ് എസ് നിശ്ചയിക്കുന്നതായി വെബ് പോര്‍ട്ടലിലെ ലേഖനം അവകാശപ്പെടുന്നു.

”ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വെബ്സൈറ്റ് അനുസരിച്ച്, 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ സര്‍ക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഉണ്ടായിരുന്നു. വഖഫ് ബോര്‍ഡിന് വിവിധ സംസ്ഥാനങ്ങളിലായി ഗണ്യമായ ഭൂമി പാഴ്സലുകള്‍ ഉണ്ടെങ്കിലും, അത് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ കൈവശമുള്ളതിനേക്കാള്‍ കൂടുതലല്ല,” Organiser.org-ല്‍ പോസ്റ്റ് ചെയ്ത ശശാങ്ക് കുമാര്‍ ദ്വിവേദിയുടെ ലേഖനത്തില്‍ പറയുന്നു.