കടുവ ഡ്യൂപ്പ്: കടുവയെ പിടിച്ച ‘കിടുവ’ പോലീസ് പിടിയില്‍

Jaihind News Bureau
Thursday, March 6, 2025

മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന പേരില്‍ യുവാവ് പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് വനംവകുപ്പ്. ആ വീഡിയോ എഡിറ്റ് ചെയ്തതെന്ന് യുവാവ് വനം വകുപ്പിനോട് സമ്മതിച്ചു. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.

കരുവാരക്കുണ്ട് ആര്‍ത്തല ടീ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡില്‍ നേര്‍ക്കുനേര്‍ നിന്നുവെന്നു എന്നും ശാന്തനായി കാണപ്പെട്ട കടുവയുടെ വീഡിയോ താന്‍ മൊബൈലില്‍ പകര്‍ത്തിയാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നുമായിരുന്നു യുവാവിന്റെ വാദം. എന്നാല്‍ കടുവയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തി.

നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ധനിത് ലാലിന്റെ നേതൃത്വത്തില്‍ ജെറിയെ ചോദ്യം ചെയ്തു. യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കിയിന് പിന്നാലെ കേസെടുത്തു. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ റോഡിനോട് ചേര്‍ന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിന്‍ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

കരുവാരകുണ്ട് സ്വദേശി മണിക്കനാംപറമ്പില്‍ ജെറിന് എതിരെയാണ് പൊലീസ് കേസെടുത്തത്. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനാണ് ജെറിനെതിരെ കേസെടുത്തിരിക്കുന്നത്.