ചുങ്കത്തറ പഞ്ചായത്തില്‍ ഭരണം നഷ്ടമായതോടെ ഇടതുനേതാക്കളുടെ കലിപ്പ് തീരുന്നില്ല. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച പഞ്ചായത്തു മെമ്പര്‍ നുസൈബക്കും കുടുംബത്തിനും സിപിഎം ഏരിയ സെക്രട്ടറിയുടെ ഫോണ്‍ ഭീഷണി. പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് സുധീറിന്റെ ഫോണിലാണ് സി.പി.എം ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്റെ ഭീഷണിയെത്തിയത് . അന്‍വറിനോടൊപ്പം നിന്നാല്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
‘പാര്‍ട്ടിയെ കുത്തിയാണ് നീ പോകുന്നത് . അതു ഓര്‍ത്തു വച്ചോ. ഞങ്ങള്‍ക്കു പോയാല്‍ എട്ടു മാസത്തെ ഭരണമാണ് . അതു പോയാല്‍ ഒരുതേങ്ങയുമില്ല. നീ അന്‍വറിനെ പോലെ ഒരുത്തന്റെ കൂടെയാണ് പോകുന്നത് . ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാവും. ഒരു ദാക്ഷണ്യവും നിന്നോടോ നിന്റെ കുടുംബത്തിനോടോ ഉണ്ടാവില്ല.’
ഫോണിലൂടെ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നതായാണ് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ടി രവീന്ദ്രന് പിന്നീട് ഇതിനെ കുറിച്ചു പ്രതികരിച്ചത്. കരുതിയിരുന്നോളാന്‍ പറഞ്ഞത് പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവിന്റെ നിയമവിരുദ്ധ ബിസിനസ് ഏര്‍പ്പാടുകളെ കുറിച്ചാണെന്നും വിശദീകരിച്ചു. പറഞ്ഞ വാക്കുകള്‍ ഭീഷണിപ്പെടുത്തിയതല്ലെന്നും വിശദീകരിച്ചു.കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോള്‍ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും രവീന്ദ്രന് പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ് ഫോണ്‍ വിളിയെന്നും വിശദീകരിച്ചു.