തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Friday, November 29, 2024


ഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിനു ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായില്ല.  അദാനി വിരുദ്ധ മുദ്രാവാക്യവുമായി രാവിലെ ഇരുസഭകളും സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചര്‍ച്ച സാധ്യമാക്കാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാകില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍ ലോക്സഭയില്‍ ചോദ്യോത്തരവേള പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തുടര്‍ന്നു. ചോദ്യോത്തരവേള ബഹളത്തെത്തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ സഭ 12 വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ലോക്‌സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.