കാഠ്മണ്ഡു: കനത്ത മഴയെ തുടർന്ന് നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു ബസുകള്‍ ഒലിച്ചുപോയി. ബസിലുണ്ടായിരുന്ന 65 യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. ഡ്രൈവർമാർ ഉള്‍പ്പെടെ 65 പേർ ഇരു ബസുകളിലുമായി ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകള്‍. കാണാതായവരില്‍ 7 ഇന്ത്യക്കാരും ഉള്ളതായാണ് റിപ്പോർട്ടുകള്‍.
ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിംഗ് റോഡിനോട് ചേർന്നുള്ള സിമാൽട്ടൽ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. പുലര്‍ച്ചെ 3.30-നാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന തൃശൂലി നദിയില്‍ ബസുകള്‍ പെട്ടതായാണ് റിപ്പോർട്ടുകള്‍. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും തലസ്ഥാനത്ത് നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സുമാണ് മണ്ണിടിച്ചിലില്‍ പെട്ടത്. കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിൽ 24 പേരും രണ്ടാമത്തെ ബസില്‍ 41 പേരും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗണപതി ഡീലക്‌സ് ബസിലെ യാത്രക്കാരിൽ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നല്‍കി. കനത്ത മഴയെത്തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്നുള്ള എല്ലാ വിമാനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നേപ്പാൾ പോലീസും സായുധ പോലീസ് സേനാംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കായി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കാലവർഷക്കെടുതിയിൽ രാജ്യത്ത് ഒരു ദശാബ്ദത്തിനിടെ 1800-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇക്കാലയളവില്‍ നാനൂറോളം പേരെ കാണാതാവുകയും 1500 ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
A landslide swept two buses carrying an estimated 63 passengers, on Madan-Ashrit Highway in Central Nepal into the Trishuli River, this morning.
(Source: Road Division Office, Bharatpur, Nepal) https://t.co/1LZ1qYcXcQ pic.twitter.com/1xSFDB5uZY
— ANI (@ANI) July 12, 2024