ലണ്ടൻ: പ്രവാസികളുടെ നിക്ഷേപം നാടിനും നാടിന്റെ വളര്‍ച്ചയ്ക്കും വേണ്ടിയാകണമെന്ന് വേണ്ടിയുള്ളതാകണമെന്ന് ഖത്തറിലെ നോര്‍ക്ക ഡയറക്ടർ ജെ.കെ മേനോന്. പ്രവാസികള്‍ പലപ്പോഴും അവരുടെ നിക്ഷേപങ്ങള്‍ കേവലം, സ്ഥലം വാങ്ങുക, വീടുവെക്കുക തുടങ്ങിയതിനായാണ് വിനിയോഗിക്കുന്നത്. എന്നാല്‍ നാടിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന വിധത്തിലുള്ള നിക്ഷേപ പദ്ധതികളെ സംബന്ധിച്ചാകണം ഇനിയുള്ള കാലം നാം ചര്‍ച്ച ചെയേണ്ടതെന്നും ജെ.കെ മേനോന് പറഞ്ഞു. ലണ്ടനില്‍ നടന്ന ലോക കേരള സഭയുടെ യൂറോപ്പ്-യൂകെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ മേനോന്.
സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികളായ എയര്‍പോര്‍ട്ട്, കെ റെയില്‍, ഇന്‍കല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടങ്ങി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകളിലടക്കം നിക്ഷേപത്തിന് അവസരമൊരുക്കിയാല്‍ സാമ്പത്തികമായി കേരളത്തിന് കരുത്ത് പകരാന്‍ സാധിക്കും. കൊവിഡ് ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടും അതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാം അതിജീവിച്ചത് വിവേകമുള്ള മനുഷ്യരായതുകൊണ്ടാണെന്നും ജെ.കെ മേനോന് പറഞ്ഞു. വിദേശരാജ്യങ്ങളിലെക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യൂറോപ്പ്-യുകെ മേഖലാ സമ്മേളത്തില്‍ ചര്‍ച്ച ചെയേണ്ടതുണ്ടെന്ന് ജെ.കെ മേനോന് ഓര്‍മ്മിപ്പിച്ചു. ഉപരി പഠനത്തിനായി ലോണുകളെടുത്ത് വിദേശത്തെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനായി പോകുന്നവരുടെ ലോണ്‍ തിരിച്ചടവ് ലഘൂകരിക്കുന്നത് സംബന്ധിച്ച വിഷയങ്ങളിലും ചര്‍ച്ചകളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലണ്ടനില്‍ നടന്ന ലോക കേരളസഭയുടെ യൂറോപ്പ്-യുകെ മേഖല സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, വൈസ് ചെയര്മാന് എം.എ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍മാരായ ഡോ. രവിപിള്ള, ഡോ. ആസാദ് മൂപ്പന്, സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ വേണു രാജാമണി തുടങ്ങിയവര്‍ സമ്മേളത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.