പഠന മികവിന്‍റെ പേരില്‍ എട്ടാം ക്ലാസുകാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തി; സഹപാഠിയുടെ അമ്മ അറസ്റ്റില്‍

Jaihind Webdesk
Monday, September 5, 2022

ചെന്നൈ: പുതുച്ചേരിയിലെ കാരയ്ക്കലില്‍  13 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠിയുടെ അമ്മ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാല മണികണ്ഠനെയാണ് കൊലപ്പെടുത്തിയത്. സഹായറാണി വിക്ടോറിയ (42) ആണ് അറസ്റ്റിലായത്.

മണികണ്ഠന്‍ പഠനത്തില്‍ തന്‍റെ മകളെക്കാള്‍ മികവ് പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്‍. ഇതേ ക്ലാസില്‍ തന്നെയാണ് സഹായറാണിയുടെ മകള്‍ അരുള്‍ മേരിയും പഠിക്കുന്നത്. കുട്ടിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ വിഷം കലർത്തുകയായിരുന്നു. വെള്ളിയാഴ്ച വിഷപാനീയം അകത്തുചെന്ന മണികണ്ഠന്‍ ശനിയാഴ്ച രാത്രിയോടെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സ്‌കൂള്‍ വാര്‍ഷികമായ വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ സഹായറാണി വാച്ച്മാനോട് കുട്ടിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തി വിഷം കലർത്തിയ പാനീയക്കുപ്പികള്‍ ഏല്‍പ്പിക്കുകയായിരുന്നു. പാനീയം കുടിച്ച കുട്ടി അവശനിലയിലായതോടെ കാരയ്ക്കല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് സഹായ റാണിയുടെ ക്രൂരത പുറത്തറിഞ്ഞത്. ഇവർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.