കടക്കെണിയില്‍ സംസ്ഥാനം വലയുന്നതിനിടെ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാനുള്ള ഓഫീസ് ഒരുക്കുന്നതിനായി മാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നത് 88.5 ലക്ഷം രൂപ. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി രൂപീകരിച്ച റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന് വേണ്ടിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് ഒരുക്കുന്നത്.
സെക്രട്ടറിയേറ്റില്‍ ഓഫീസ് ഒരുക്കിയാല്‍ ലക്ഷങ്ങള്‍ ലാഭിക്കാവുന്നിടത്താണ് സ്വകാര്യവ്യക്തിയുടെ കെട്ടിടം വാടകയ്ക്ക് എടുത്ത് റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായി ഓഫീസ് ഒരുക്കുന്നത്. കെട്ടിടത്തില്‍ ഓഫീസ് ഒരുക്കുന്നതിന് മാത്രമാണ് 88,50,000 രൂപ ചെലവാക്കുന്നത്. വാടകയും മറ്റ് ചെലവുകളും ഇതിന് പുറമെയാണ്. അഞ്ച് വര്‍ഷത്തേക്കാണ് കെട്ടിട ഉടമയുമായുള്ള കരാര്‍. സെക്രട്ടേറിയറ്റില്‍ സ്ഥലമില്ലാത്തതിനാലാണ് കെട്ടിടം വാടകയ്ക്ക് എടുക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
മഹാപ്രളയത്തിന് ശേഷം മാസങ്ങള്‍ പിന്നിടുമ്പോഴും കേരളം അതിന്‍റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. സർക്കാർ സഹായം ഇനിയും ലഭിക്കാത്തവർ നിരവധിയാണ്. കേരളം ഒറ്റക്കെട്ടായി ഒരേ മനസോടെ അതിജീവിച്ചതാണ് പ്രളയകാലത്തെ. എന്നാല്‍ പ്രളയാനന്തരകേരളത്തിന്‍റെ പുനര്‍നിർമാണത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്ത് തുടരുകയാണ്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ വിദേശയാത്രകളും മുറയ്ക്ക് നടക്കുന്നുണ്ട്. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനുവേണ്ടിയാണ് റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് രൂപീകരിച്ചത്. ലോകബാങ്കില്‍ നിന്നുള്‍പ്പെടെയുള്ള വായ്പാസാധ്യതകളാണ് അന്വേഷിക്കുന്നത്. സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ ഒരു ഓഫീസ് ഒരുക്കുന്നതില്‍ തന്നെ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിലെ അനൗചിത്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.