ചാവക്കാട്ട് കൊല്ലപ്പെട്ട നൗഷാദിന്‍റെ കുടുംബത്തിന് കെ.പി.സി.സിയുടെ ധനസഹായം കൈമാറി

തൃശൂർ ചാവക്കാട് എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിന്‍റെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം വിതരണം ചെയ്തു. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് തുക കൈമാറിയത്.

വികാര നിർഭരമായിരുന്നു ചാവക്കാട് പുന്നയിലെ നൗഷാദിന്‍റെ വീട്. നാടിന് പ്രിയപ്പെട്ടവന്‍റെ കുടുംബത്തെ കൈ വിടില്ലെന്ന് പ്രഖ്യാപിച്ച് നേതാക്കളും പ്രവർത്തകരും ഒഴുകി എത്തി. ലളിതമായ ചടങ്ങിൽ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് ധനസഹായം കൈമാറി. ആകെ 82 ലക്ഷത്തി അറുപത്തിയൊന്നായിരം രൂപയാണ് സമാഹരിച്ചത്. ഇതിൽ നിന്നും നൗഷാദിന്‍റെ ബാങ്ക് വായ്പകൾ എല്ലാം തീർത്തു. തുകയിൽ ഒരു ഭാഗം മൂന്ന് മക്കളുടെ പേരിൽ സ്ഥിര നിക്ഷേപമായി കൈമാറി. പ്രായപൂർത്തിയാക്കുമ്പോൾ 27 ലക്ഷം രൂപ വീതം ലഭിക്കും വിധമാണിത്. കൂടാതെ അമ്മക്ക് പ്രതിമാസം മൂവായിരം രൂപ പലിശ ലഭിക്കും വിധം തുക നിക്ഷേപിച്ചിട്ടുണ്ട്. അക്രമത്തിൽ പരിക്ക് പറ്റിയവർക്ക് ഒരു ലക്ഷം മുതൽ അൻപതിനായിരം രൂപ വരെയും നൽകി.

 

അക്രമ രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണിൽ സ്ഥാനമില്ലെന്ന് ചടങ്ങിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. രക്തസാക്ഷികളുടെ പേരിൽ സി പി എം പിരിച്ച തുകക്ക് കണക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

ശൂരനാട് രാജശേഖരൻ ചെയർമാനും ടി എൻ പ്രതാപൻ എം പി കൺവീനറുമായ സമിതി ഒറ്റ ദിവസം കൊണ്ടാണ് സഹായ നിധി സമാഹരിച്ചത്. സെപ്റ്റംബർ രണ്ടിന് തൃശൂർ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.

Comments (0)
Add Comment