പോൾമുത്തൂറ്റ് വധം : കാരി സതീഷ് ഒഴികെയുള്ള പ്രതികളെ വെറുതെ വിട്ടു

Jaihind News Bureau
Thursday, September 5, 2019

പോൾ മുത്തൂറ്റ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. റദ്ദാക്കിയത് പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷ.

ഏറെ വിവാദം സൃഷ്ടിച്ച മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിലാണ് ഹൈക്കോക്കി വിധി ഉണ്ടായിരിക്കുന്നത്. ആകെ ഒൻപത് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടാം പ്രതി കാരി സതീഷ് സിബിഐ കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നില്ല.

2009 ജൂലായ് 29നാണ് പോൾ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ആദ്യം നെടുമുടി പോലീസ് അന്വേഷിച്ച കേസിൽ 25 പ്രതികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് സി ബി ഐ കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശ് പുത്തൻ പാലം രാജേഷ് ഉൾപ്പെടെയുള്ളവരെ മാപ്പ് സാക്ഷികളാക്കുകയായിരുന്നു.

2015 സെപ്റ്റംബറിൽ തിരുവനന്തപുരം സിബിഐ കോടതിയാണ് ഒൻപത് പ്രതികൾക്കും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചത്.ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ധാക്കിയത്.കേസിൽ സിബിഐ പ്രതി ചേർത്ത 13 പേരിൽ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും അൻപത്തി അയ്യായിരം രൂപ പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ബാക്കി നാല് പേർക്ക് മൂന്ന് വർഷം കഠിന തടവും അയ്യായിരം രൂപ പിഴയുമായിരുന്നു സിബിഐ കോടതി വിധിച്ചത്.