കശ്മീരിൽ എട്ട് ഭീകരർ പിടിയില്‍; ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും ആയുധങ്ങളും കണ്ടെത്തി

Jaihind News Bureau
Tuesday, September 10, 2019

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്‌കറെ ത്വയ്ബ ഭീകരർ പിടിയിലായി. കശ്മീരിലെ സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി കശ്മീർ പൊലീസ് പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യൻ കമാൻഡൻറ് ലഫ്. ജനറൽ എസ് കെ സൈനി മുന്നറിയിപ്പ് നൽകിയിരുന്നു. ഗുജറാത്തിലെ സിർക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും കരസേന വ്യക്തമാക്കി.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയത്. ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബസ്സ് സ്റ്റാൻറുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്ക് സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.