സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മഴക്കെടുതിയിൽ മരണം 8 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് 8 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വയനാട്ടിൽ അതീവ ജാഗ്രത നിർദ്ദേശം. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വയനാട്ടിൽ വൻ നാശനഷ്ടം. മേപ്പാടി പുത്തുമലയിൽ ഉരുൾപ്പൊട്ടി നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയം. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് എഴുപത്തി മൂന്ന് ക്യാമ്പുകളിലായി അയ്യായിരത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നാളെയും ജില്ലയിൽ റെഡ് അലർട്ട്.

കേന്ദ്ര ദുരന്തനിവാരണ സേന പുത്തു മലയിലേക്ക് തിരിച്ചു. പ്ലാന്‍റേഷന്‍ തൊഴിലാളികൾ അടക്കം താമസിക്കുന്ന പാടികളുടെ മുകളിൽ നിന്നാണ് ഉരുൾപൊട്ടി വന്നതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തേക്കുള്ള വഴി ഇപ്പോൾ പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്.

മൂന്നു പേരെ രക്ഷപ്പെടുത്തിയതായും ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും നിരവധി പേരുണ്ടായിരുന്നതായാണ് വിവരം. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകർന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്തിച്ചേരാൻ എത്തിച്ചേരാൻ സാധിച്ചിട്ടില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

സംസ്ഥാനത്ത് ശക്തമായ തുടരുന്ന സാഹചര്യത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആരോഗ്യ സർവകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും കേരള സർവകലാശാലയുമാണ് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചത്.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം രാവിലെ 9 വരെ താൽക്കാലികമായി അടച്ചു. റാംപ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണു നടപടി.

കോഴിക്കോട് ജില്ലയിൽ 309 കുടുംബങ്ങളിൽ നിന്നുള്ള 863 ആളുകളാണ് 26 ക്യാമ്പുകളിലായി കഴിയുന്നത്. വടകര ചെമ്മരത്തൂരിൽ യുവാവ് മിന്നലേറ്റ് മരിച്ചു. തയ്യുള്ളതിൽ ലിബേഷ് (35) ആണ് മരിച്ചത്. കണ്ണൂർ പാമ്പുരുത്തി ദ്വീപിലെ 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദ്വീപിലെ നൂറിലധികം വീടുകളിൽ വെള്ളം കയറി. ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി ടെറിട്ടോറിയൽ ആർമിയുടെ രണ്ട് സംഘം രംഗത്തെത്തി. ഇരിട്ടി, തളിപ്പറമ്പ് മേഖലകളിലായി 20 പേർ വീതമുള്ള രണ്ട് സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരത്തിൽ രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ഹെവി വെഹിക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി. സൈലന്റ് വാലി ദേശിയേ‍ാദ്യാനത്തിൽ സന്ദർശനം നിരേ‍ാധിച്ചു. സഞ്ചാരികൾക്കുള്ള ബുക്കിങും നിർത്തിവച്ചു. ഒരാഴ്ചയായി സൈലന്റ് വാലി മേഖലയിൽ കനത്തമഴയാണ്. മരങ്ങൾ കടപുഴകി പലയിടത്തും യാത്ര തടസപ്പെട്ടിരിക്കുന്നു. മുൻകരുതലായാണു സന്ദർശനം നിർത്തിവച്ചതെന്നു അധികൃതർ പറഞ്ഞു. ഇവിടുത്തെ ആദിവാസി ഊരുകളിലെ തടസങ്ങൾ മാറ്റാനും സഹായം എത്തിക്കാനും വനംജീവനക്കരുടെ സംഘം എത്തിയിട്ടുണ്ട്.

മൂഴിയാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ രാവിലെ 7ന് തുറന്നേക്കും. മൂന്ന് ഷട്ടറുകൾ തുറന്ന് 35 ക്യൂമെക്സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ആങ്ങമുഴി, സീതത്തോട് തുടങ്ങിയ മേഖലകളിൽ ജലനിരപ്പ് ഉയരും.

keralarain disasterWayanad
Comments (0)
Add Comment