കേരളീയ പൊതുസമൂഹത്തിന്‍റെ മനസാക്ഷിയിൽ 51 വെട്ടിന്‍റെ മുറിപ്പാടുമായി ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് ഏഴ് വർഷം പൂർത്തിയാകുന്നു.സി.പി.എമ്മിന്‍റെ കൊലക്കത്തി രാഷ്ട്രീയത്തിന്‍റെ ഇരകളില്‍ ഒരാളായി പിടഞ്ഞ് തീരുമ്പോഴും ആ ചുടുചോര സി.പി.എമ്മിനോട് കണക്കുചോദിച്ചുകൊണ്ടേയിരിക്കുന്നു.
ധീരന്മാര്‍ക്ക് മരണം ഒരു അവസാനമല്ല. ജീവിതകാലഘട്ടത്തേക്കാള്‍ മരണത്തിന് ശേഷവും അവരുടെ ഓര്‍മ്മകള്‍ നിരന്തരം പൊതുസമൂഹത്തിന്‍റെ ജൈവികതയില്‍ തഴച്ചുവളരുന്നു. ടി.പി ചന്ദ്രശേഖരന്‍ അവരില്‍ ഒരാളാണ്. സി.പി.എമ്മിന്‍റെ രാഷ്ട്രീയ വൈരം പകയുടെ വാള്‍ത്തലപ്പുകളായി മാറിയപ്പോഴാണ് ടി.പി വെട്ടിനുറുക്കപ്പെട്ടത്.
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഭരണത്തണലില്‍ സുഖവാസത്തിലാണ്. ഇവര്‍ക്ക് ആവശ്യമുള്ളതെന്തും ജയിലില്‍ കിട്ടും. ഉദ്യോഗസ്ഥര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. ഇഷ്ടം പോലെ പരോളും ലഭിക്കുന്നുണ്ട്. ഒരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹം നടത്തിയതുതന്നെ പാര്‍ട്ടിയാണ്. പ്രധാന ആസൂത്രകനായ, ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തനാകട്ടെ ഏറിയ സമയവും പരോളിലാണ്. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്താണ് കുഞ്ഞനന്തന്‍റെ അസുഖമെന്ന് ഹൈക്കോടതിയും ചോദിച്ചു.
പോയകാല രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേവലം ഒന്നായി ചാരമായില്ല ടി.പി വധം. ആ ചെഞ്ചോരയുടെ ചൂടില്‍ പൊള്ളിയടര്‍ന്നത് സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ മാനവിക മുഖമാണ്. കലണ്ടര്‍ താളുകള്‍ ഇനിയെത്ര മറിഞ്ഞാലും കാലം സി.പി.എമ്മിനോട് കണക്ക് ചോദിച്ചുകൊണ്ടേയിരിക്കും…