മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സിഎംആർഎൽ ബന്ധമുള്ള കമ്പനിയില്‍ നിന്ന് 77.6 ലക്ഷത്തിന്‍റെ ഈടില്ലാ വായ്പ; ദുരൂഹത

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് സിഎംആർഎൽ ബന്ധമുള്ള കമ്പനിയിൽ നിന്നു 77.60 ലക്ഷത്തിന്‍റെ ഈടില്ലാ വായ്പ. സിഎംആർഎല്ലിന്‍റെ ഉടമ ശശിധരൻ കർത്ത, ഭാര്യ ജയ കർത്ത എന്നീവർ ഡയറക്ടർമാരായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈടില്ലാ വായ്പ നൽകിയത്. വായ്പ തിരിച്ചടച്ചോ എന്നതിൽ അവ്യക്തത തുടരുന്നു. മാസപ്പടി വിവാദത്തിന് പുറമേ മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിയുമായി നടത്തിയ കൂടുതൽ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് മാസപ്പടിയായി 1.72 കോടി രൂപ കൈപ്പറ്റിയ വിവാദത്തിന് പിന്നാലെയാണ്
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി യുടെ മറ്റൊരു സാമ്പത്തിക ക്രയവിക്രയം കൂടി പുറത്തു വരുന്നത്. സിഎംആർഎല്ലുമായി ഇടപാടു നടന്ന കാലയളവിൽ തന്നെയാണ് ഇവരുമായി ബന്ധപ്പെട്ട എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ കമ്പനി ഈടില്ല വായ്പ നേടിയത്. സിഎംആർഎല്ലിന്‍റെ ഉടമ ശശിധരൻ കർത്ത, ഭാര്യ ജയ കർത്ത എന്നിവർ എംപവർ കമ്പനിയുടെ ഡയറക്ടർമാരാണ്.

2016-ൽ 25 ലക്ഷം രൂപയും 2017-ൽ 37.36 ലക്ഷവും 2018-ല്‍ 10.36 ലക്ഷം രൂപയും 2019-ൽ 4.88 ലക്ഷവുമുൾപ്പെടെ 77.60 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. വീണാ വിജയന്‍റെ കമ്പനി 2022-ൽ പ്രവർത്തനം അവസാനി പ്പിക്കുന്നതിനു മുമ്പ് ഈ വായ്പ തിരിച്ചടച്ച് തീർത്തിരുന്നോ എന്ന് വ്യക്തമല്ല. ധനലക്ഷ്മി ബാങ്കിൽ നിന്ന് 2015-ൽ എടുത്ത വായ്പ 2021-ൽ തിരിച്ചടച്ചതായി കമ്പനി രേഖകളിൽ പറയുന്നുണ്ടെങ്കിലും എംപവറിന്‍റെ വായ്പ തിരിച്ചടച്ചതായി റജിസ്ട്രാർക്കു നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടില്ല. സാധാരണ രീതിയിൽ ഒരു സാമ്പത്തിക സ്ഥാപനവും ഈടില്ലാതെ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത വായ്പ നൽകാറില്ലെന്നാണ് കമ്പനികാര്യ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വീണയുടെ കമ്പനി നഷ്ടത്തിൽ ആകുന്നതിനിടയിലും വായ്പ നൽകിയതും സംശയങ്ങൾ ഉയർത്തുകയാണ്. ഇതോടെ ഈ ഇടപാടിലും ദുരൂഹതകൾ ഉയരുകയാണ്.

Comments (0)
Add Comment