മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വദിനം; കെപിസിസി ആസ്ഥാനത്ത് പ്രാര്‍ത്ഥനായോഗം

Jaihind Webdesk
Sunday, January 30, 2022

തിരുവനന്തപുരം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങിന് യുഡിഎഫ് കൺവീനർ എംഎം ഹസൻ നേതൃത്വം വഹിച്ചു.

വിവിധ ഡിസിസികളും രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനത്തില്‍ അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചു. കണ്ണൂർ ഡിസിസി ഓഫീസിലെ ഗാന്ധി അനുസ്മരണ ചടങ്ങിന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി.   മേയർ ടി.ഒ മോഹനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി തുടങ്ങിയവരും  പങ്കെടുത്തു.

മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജിയുടെ പ്രസക്തിയും സന്ദേശങ്ങളും ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.സി വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്, എം.കെ മുഹ്സിൻ, നാസർ പറപ്പൂർ, വി.എസ്.എൻ നമ്പൂതിരി, എം മമ്മു തുടങ്ങിയവർ പ്രസംഗിച്ചു.