ഓണത്തിന് മലയാളി കുടിച്ചുതീർത്തത് 750 കോടിയുടെ മദ്യം; വില്‍പ്പനയില്‍ റെക്കോർഡിട്ട് ബെവ്കോ

Jaihind Webdesk
Monday, August 23, 2021

തിരുവനന്തപുരം : ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ ഓണനാളുകളിലെ മദ്യവിൽപ്പനയിൽ ഇത്തവണയും റെക്കോർഡ് വർധന. ഉത്രാട ദിനത്തിൽ ബെവ്‌കോ ഔട്ട്ലെറ്റുകളിൽ മാത്രം ഇത്തവണ നടന്നത് 78 കോടി രൂപയുടെ മദ്യവിൽപ്പനയാണ്. ഓണനാളുകളിൽ 750 കോടിയിലേറെ രൂപയുടെ വിൽപ്പന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്.

കഴിഞ്ഞ തവണ ബെവ്ക്യൂ ടോക്കൺ വഴി എട്ടു ദിവസം നടന്നത് 179 കോടി രൂപയുടെ മാത്രം വിൽപ്പനയായിരുന്നു. എന്നാൽ ഇത്തവണ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിൽ മാത്രം ബെവ്‌കോ ഔട്ട്ലെറ്റുകളിൽ മാത്രം ഇത്തവണ നടന്നത് 78 കോടി രൂപയുടെ മദ്യവിൽപനയാണ്. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഒറ്റ ദിവസം കൊണ്ടു ഇവിടെ വിറ്റത് 1 കോടി 4 ലക്ഷം രൂപയുടെ മദ്യം. കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി ഉത്രാട ദിനത്തിൽ മാത്രം 12 കോടി രൂപയുടെ മദ്യവിറ്റപ്പോൾ ഓണനാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വിൽപനയും നടന്നു. ബെവ്ക്യൂ ആപ്പും ബാറുകളിലെ പാഴ്‌സൽ വിൽപനയുമായിരുന്നു കഴിഞ്ഞ തവണ ബെവ്‌കോയുടെ നടുവൊടിച്ചത്.

ഓണനാളുകളിലെകഴിഞ്ഞ തവണത്തെ വിൽപനയായ 179 കോടിയിൽ നിന്നാണ് 750 കോടിയിലേക്ക് ഇത്തവണത്തെ വിൽപ്പന വർധിച്ചത്. ബാറുകളിലെ പാഴ്‌സൽ വിൽപനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോൾ വിൽപ്പന കണക്ക് വീണ്ടും ഉയരും. 2019 ൽ 487 കോടി രൂപയുടെ മദ്യമായിരുന്നു ഓണനാളുകളിൽ ബെവ്‌കോ വിറ്റത്.