ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളിൽ 10ല്‍ 7ഉം ഇന്ത്യയില്‍

Jaihind Webdesk
Wednesday, March 6, 2019

Delhi-Air-Pollution

ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലെന്നു പഠന റിപ്പോർട്ട്. ഡൽഹിയുടെ പരിസര നഗരമായ ഗുരുഗ്രാമാണ് മലിനീകരണ തോതിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഐക്യുഎയർ എയർവിഷ്വലും ഗ്രീൻപീസ് എന്ന എൻജിഒയും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ.

ലോകത്തെ ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളെടുത്താൽ അതിൽ 22 ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മലിനീകരണ തോതിൽ രണ്ടാം സ്ഥാനത്തുള്ളത് ഗാസിയാബാദാണ്. ഫരീദാബാദ്, ഭിവാഡി, നോയിഡ, പാറ്റ്‌ന, ലക്‌നോ എന്നിവ ആദ്യ പത്ത് നഗരങ്ങളിൽ പെടുന്നു. ചൈനയിലെ ഹോടാനും പാകിസ്ഥാനിലെ ലാഹോർ, ഫൈസലാബാദ് എന്നീ നഗരങ്ങളും പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി ഈ പട്ടികയിൽ 11 ആം സ്ഥാനത്താണ്.

അന്തരീക്ഷ മലിനീകരണത്തിൽ വളരെ മോശമെന്നു പേര് കേട്ടിരുന്ന ചൈന മലിനീകരണം കുറയ്ക്കുന്നതിൽ ഫലമുണ്ടാകുന്നെന്നാണ് പഠനത്തിൽ കണ്ടത്തിയത്. മലിനീകരണമുള്ള 30 നഗരങ്ങളിൽ കൂടുതലും ചൈനയിലായിരുന്നത് ഇപ്പോൾ അഞ്ച് മാത്രമായി ചുരുങ്ങി.

മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി അതിൻറെ പതിന്മടങ്ങ് തുക ചെലവഴിക്കേണ്ടിവരുമെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിൻറെ 8.5 ശതമാനവും ഇത്തരത്തിൽ നഷ്ടമാകുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.