ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം; നിരവധി പേർക്ക് പരുക്കേറ്റു

 

പട്ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 10 പേര്‍ക്ക് പരുക്കേറ്റു. ബാരാവര്‍ കുന്നുകളിലെ ബാബ സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി ഭക്തര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടിയിരുന്നു. ഈ ചടങ്ങിലാണ് അപകടമുണ്ടായത്. ഭരണസംവിധാനത്തിന്‍റെ അഭാവം മൂലമാണ് തിരക്കുണ്ടായതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏര്‍പ്പെട്ടിരുന്ന ചില എന്‍സിസി വളന്‍റിയര്‍മാര്‍ ഭക്തര്‍ക്ക് നേരെ ‘ലാത്തി’ പ്രയോഗിച്ചെന്നും ഇത് തിക്കിലും തിരക്കിലും കലാശിച്ചെന്നുമാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നത്.

പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ലാത്തിച്ചാര്‍ജ് നടത്തിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു . എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. അതേസമയം ഏഴ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി ആശുപത്രിയില്‍ എത്തിച്ചതായി ജഹാനാബാദിലെ ടൗണ്‍ ഇന്‍സ്പെക്ടര്‍ ദിവാകര്‍ കുമാര്‍ വിശ്വകര്‍മ സ്ഥിരീകരിച്ചു.

Comments (0)
Add Comment