ആറാം ഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ

Jaihind Webdesk
Saturday, May 11, 2019

ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ നാളെ വിധി എഴുതും. നിശബ്ദ പ്രചരണത്തിന്‍റെ മണിക്കൂറുകളിലാണ് ഇപ്പോൾ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

ഉത്തർ പ്രദേശിലെ 14 മണ്ഡലങ്ങളിലും മധ്യപ്രദേശിലെയും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം മണ്ഡലങ്ങളിലും, ഹരിയാനിൽ 10ഉം, ഡൽഹിയിൽ 7ഉം, ജാർഖണ്ടിൽ 4ഉം മണ്ഡലങ്ങളിൽ ജനം നാളെ വിധിയെഴുതും. ദില്ലിയിലും ഹരിയാനയിലും ആറാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂർത്തിയാവും. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിംഗും നാളെ നടക്കും. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ചൂടേറിയ പ്രചാരണത്തിന് ശേഷം നിശബ്ദ പ്രചരണത്തിന്‍റെ തിരക്കിലാണ് ഇന്ന് പാർട്ടികൾ.

ഷീല ദീക്ഷിത്, ദിഗ് വിജയ് സിങ്, അഖിലേഷ് യാദവ്, ഭൂപീന്ദർ സിംഗ് ഹൂഡ എന്നീ മുൻ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരായ മനേകാ ഗാന്ധി, രാധാമോഹൻസിംഗ്, നരേന്ദ്രസിംഗ് തോമർ എന്നിവരും പ്രഗ്യാ സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരും ജനവിധി തേടുന്ന പ്രമുഖരിൽ പെടുന്നു.

ആറാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും. മെയ് 23നാണ് വോട്ടെണ്ണൽ.