‘ആദായ നികുതി വകുപ്പ് കോൺഗ്രസ് അക്കൗണ്ടുകളിൽ നിന്ന് 65 കോടി പിടിച്ചെടുത്തത് കൊള്ള’: കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് കോൺഗ്രസ് അക്കൗണ്ടുകളിൽ നിന്ന് 65 കോടി പിടിച്ചെടുത്തത് കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കോൺഗ്രസ് ഭരിച്ചപ്പോൾ ഇങ്ങനെ നടന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഈ സാഹചര്യത്തിൽ ജനാധിപത്യം എങ്ങനെ നിലനിൽക്കുമെന്നും, അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ വിധിയിൽ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന പ്രതിപക്ഷ പാർട്ടിക്ക് നേരെ നടക്കുന്നത് സാമ്പത്തിക ഭീകരവാദം ആണെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്‍റെ അക്കൗണ്ടിൽ നിന്ന് 60.25 കോടിയും യൂത്ത് കോൺഗ്രസിന്‍റെയും എൻഎസ്‌യുവിന്‍റെയും അക്കൗണ്ടിൽ നിന്ന് അഞ്ചു കോടിയുമാണ് ഈടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ആദായ നികുതി വകുപ്പിന്‍റെ നീക്കം സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാനും, തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുമുള്ള കേന്ദ്രസർക്കാരിന്‍റെ തന്ത്രമാണെന്നും മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. എഐസി ആസ്ഥാനത്തെ വാർത്താസമ്മേളനത്തിൽ എഐസിസി ട്രഷറർ അജയ് മാക്കൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Comments (0)
Add Comment