കാര്യക്ഷമത കുറവ്; മുഖ്യമന്ത്രിക്ക് പുതിയ എസ്കോർട്ട് വാഹനങ്ങള്‍ക്കായി 62 ലക്ഷം

Jaihind Webdesk
Friday, September 24, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വീണ്ടും മുഖ്യമന്ത്രിയുടെ ലക്ഷങ്ങളുടെ ധൂർത്ത്. മുഖ്യമന്ത്രിക്ക് പുതിയ എസ്കോർട്ട് വാഹനങ്ങൾ വാങ്ങുന്നതിന് അനുവദിച്ചത് 62 ലക്ഷത്തിലധികം രൂപ. പണം അനുവദിച്ച് ഭരണാനുമതി നൽകിയ ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്.

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പഴയ എസ്കോർട്ട് വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങുന്നതിന് 62 ലക്ഷത്തി 46,000 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. കാര്യക്ഷമത കുറവ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ മാറ്റി പുതിയ ആഢംബര വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് നാല് പുതിയ എസ്കോർട്ട് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്. പഴക്കം ചെന്ന വാഹനങ്ങൾ മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി നൽകിയ അപേക്ഷയിലാണ് തീരുമാനം എന്നാണ് വിശദീകരണം.

പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്തിന്‍റെ വരുമാനം കുറയുമെന്നും അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ജിഎസ്ടി കൗൺസിലിൽ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച കേരളത്തിലാണ് വീണ്ടും മുഖ്യമന്ത്രിക്കായുള്ള ഈ സാമ്പത്തിക ധൂർത്ത് . കെഎസ്ആർടിസി ജീവനക്കാർക്ക് പോലും ശമ്പളം നൽകാൻ പണമില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഭരണകർത്താക്കളുടെ ധൂർത്തിനായി ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. അതേസമയം സർക്കാരിന്‍റെ പിആർ വർക്കിനുള്ള ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ ചെലവഴിച്ചതും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഓഫീസ് റൂമിലെ പഴയ എയർകണ്ടീഷണറുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് ഒരു ലക്ഷത്തിലധികം രൂപ അനുവദിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു.