കേരളത്തിൽ 6,000 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന്‍റെ മറവിൽ അഴിമതിയും തീവെട്ടിക്കൊള്ളയും നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യൂ മന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് ക്വാറികള്‍ക്ക് അനുമതി നൽകുന്നത്. ഇക്കാര്യത്തില്‍ വ്യവസായ മന്ത്രിയുടെ ഇടപെടല്‍ ദുരൂഹമാണ്. കേരള പുനര്‍നിര്‍മാണമല്ല, കേരളത്തെ പൊട്ടിച്ച് വില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
2018 ലെ മഹാപ്രളയത്തിനു ശേഷം 119 ക്വാറികൾക്കാണ് പിണറായി സർക്കാർ അനുമതി നൽകിയത്. ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ കവളപ്പാറയിൽ മാത്രം 66 ക്വാറികള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചത്. കേരളത്തെ ക്വാറി മാഫിയക്ക് വിട്ടുകൊടുക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്വാറി മാഫിയയെ നഗ്നമായി സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ക്വാറികള്‍ക്ക് അനുമതി നല്‍കിയതില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം പുനർനിർമ്മിക്കുകയല്ല പകരം പൊട്ടിച്ചു വിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ടൈറ്റാനിയം കേസ് കുത്തിപ്പൊക്കിയത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പാലായില്‍ മികച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രസ്താവന നടത്തിയതിന്‍റെ പേരിൽ മുല്ലപളളിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ പിണറായിയും മോദിയും തമ്മിൽ എന്ത് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു.