കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും കോള്‍ വന്നതായി സൂചന. പത്തു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടെന്നാണ് ജനപ്രതിനിധികളില് നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യത്തെ ഫോൺകോൾ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് കോൾ എത്തിയത്. പാരിപ്പള്ളിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്‍റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ പോലീസ് തുടരുകയാണ്.
ഇന്ന് വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരാണുണ്ടായിരുന്നത്.
അതിർത്തികളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 14 ജില്ലകളിലും പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിർത്തികളിൽ എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കാനാണ് എഡിജിപിയുടെ നിർദേശം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുക: 9946923282, 9495578999. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
സംഘത്തെ കണ്ടെത്തുന്നതിനായി പോലീസ് ശക്തമായ പരിശോധന നടത്തുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.