ശ്രീലങ്കന്‍ സ്ഫോടന പരമ്പര : പോലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍; ചാവേറുകള്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പോലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. 15 പേര്‍ കൊല്ലപ്പെട്ടു.  പിടിക്കപ്പെടുമെന്നായതോടെ 3 ചാവേറുകള്‍ സ്ഫോടനം നടത്തുകയും ഇതില്‍  3 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മറ്റ് 3 പേര‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.  അമ്പാര ജില്ലയിലെ സെയ്ന്തമരുത് (Sainthamaruthu) എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. സ്‌ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്.

പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പോലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘത്തിനു നേരെ ഒരുകൂട്ടം ആളുകള്‍ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌ഫോടനങ്ങളുമുണ്ടായി. ചാവേറുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റമുട്ടലിനൊടുവില്‍ മുന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടേതെന്ന് കരുതുന്ന രണ്ട് വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്.

സ്‌ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്‍റെ പതാക, യൂണിഫോം എന്നിവ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

253 പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. രാജ്യത്ത് 70 ഐഎസ് ഭീകരർ ഒളിവിലുണ്ടെന്ന് സംശയിക്കുന്നതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന അറിയിച്ചു.

കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്നതിന്‍റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് ശ്രീലങ്ക. ഇതേത്തുടര്‍ന്ന് ശ്രീലങ്കയിലെ പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചുവെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കി. വിശ്വാസികൾ പള്ളികളിൽ പോകേണ്ടെന്നും വീടുകളിൽ തന്നെയിരുന്ന് പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന നടക്കില്ല. സുരക്ഷാ ഏജൻസികൾ യഥാസമയം മുന്നറിയിപ്പ് നല്‍കാതിരുന്നതിനാൽ ചതിക്കപ്പെട്ട തോന്നലുണ്ടെന്നും താൻ അതീവ ദുഖിതനാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

srilanka
Comments (0)
Add Comment