സമയം തീരെ കുറവാണ്. കുറ്റമറ്റ, കൃത്യമായ ടൈം ഷെഡ്യൂള്‍ ആവശ്യമുണ്ട്. എവിടെയെങ്കിലും തടസമോ താമസമോ വന്നാല്‍ സമയക്രമം ആകെ അവതാളത്തിലാകും. ആറുദിവസംകൊണ്ട് പൂര്‍ത്തിയാക്കേണ്ട കലോത്സവം ഇത്തവണ മൂന്നുദിവസംകൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. മത്സര ഇനങ്ങള്‍ക്ക് കുറവില്ല താനും. വേദികളുടെ എണ്ണം കൂടുതലാണ്. പ്രോഗ്രാം കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം സമയക്രമം പാലിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോരുത്തര്‍ക്കുമുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി അവതരിപ്പിച്ച് നല്കി കഴിഞ്ഞു.
എല്ലാവരും സമയക്രമം പാലിക്കണമെന്ന് തന്നെയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. കേരളത്തിലെ ഒട്ടാകെ അധ്യാപകര്‍ മത്സരനിയന്ത്രണത്തിനായി എത്തുന്നുണ്ട്. കെ.എസ്.ടി.എ. സൗജന്യ ഭക്ഷണമൊരുക്കുമ്പോള്‍ കെ.പി.എസ്.ടി.എ പ്രോഗ്രാം ചുമതലകളും സൗജന്യമായാണ് നിര്‍വഹിക്കുന്നത്. ഒാരോരുത്തരെയും ഓരോ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ചുമതലകള്‍ ഏല്‍പ്പിച്ചത്. ടീമിന്റെ ചുമതലകളും വ്യക്തിഗത ചുമതലകളും ജോലികളും ഓരോരുത്തര്‍ക്കും വീതിച്ചുനല്കി.
മത്സരത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ബസ് കൗണ്ടറുകള്‍ ഉണ്ടാകും. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് എന്നിവ കേന്ദ്രീകരിച്ചായിരിക്കും ബസ് കൗണ്ടറുകള്‍ ആരംഭിക്കുക. ഈ കേന്ദ്രങ്ങളില്‍ വന്നിറങ്ങുന്ന വിദ്യാര്‍ഥികളെ മത്സരവേദിയിലേക്കും മറ്റും ബസിലെത്തിക്കും. വേദികളില്‍നിന്ന് വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനും ബസുകളുണ്ടായിരിക്കും. ഇ.എം.എസ്.സ്റ്റേഡിയം, എസ്.ഡി.വി.സ്കൂള്‍ ഗ്രൗണ്ട്, ജി.യു.പി.എസ്. തിരുവമ്പാടി, എം.ഐ.എച്ച്.എസ്. പൂങ്കാവ് എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകൾ മാത്രം ബാക്കി, 29 വേദികളിലായി 188 ഇനങ്ങളിൽ പന്ത്രണ്ടായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന കൗമാര കലോൽസവത്തിന് അരങ്ങുണരാൻ.