ഹരിയാനയും മഹാരാഷ്ട്രയും വിധിയെഴുതി ; ശുഭപ്രതീക്ഷയില്‍ കോണ്‍ഗ്രസ്

മഹാരാഷ്ട്രയിൽ 55.33 ശതമാനവും , ഹരിയാന 61.62 ശതമാനവും പോളിംഗ്. മഹാരാഷ്ട്രയിൽ 288 സീറ്റിലും ഹരിയാനയിൽ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തുള്ള കോൺഗ്രസ് ശുഭ പ്രതീക്ഷയിലാണ്. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 46 നിയമസഭാ സീറ്റുകളിലേക്കും 2 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു.

സമാധാനപരമായിരുന്നു ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും പോളിംഗ്. മഹാരാഷ്ട്രയിൽ 55.33 ശതമാനവും ഹരിയാനയില്‍ 61.62 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും ജനവിധി അനുകൂലമാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളില്‍ പെയ്ത കനത്ത മഴ വോട്ടർമാരെ വലച്ചു. കൊങ്കണിന്‍റെ വടക്കന്‍ മേഖലയിലും ലാത്തൂർ അടക്കമുള്ള ഭാഗങ്ങളിലുമാണ് മഴ പെയ്തത്. കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാർ ഷിന്‍ഡെ സോലാപൂരിലും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ തെക്കന്‍ മുംബൈയിലും വോട്ട് രേഖപ്പെടുത്തി. അമീര്‍ ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കർ, മാധുരി ദീക്ഷിത്, മഹേഷ് ഭൂപതി എന്നിവരും വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ റോഹ്തഗിലും പി.സി.സി അധ്യക്ഷ കുമാരി ഷെല്‍ജ ഹിസാറിലും എത്തി വോട്ട് രേഖപ്പെടുത്തി. ഹരിയാനയില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും ഭൂപീന്ദർ ഹൂഡ പറഞ്ഞു.

കേരളത്തിന് പുറമെ 46 നിയമസഭാ സീറ്റുകളിലേക്കും രണ്ട് ലോക്സഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത് അരുണാചല്‍പ്രദേശിലാണ്. 90.74 ശതമാനം. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 44.71 ശതമാനം.

Maharashtraharyana
Comments (0)
Add Comment