കൊടുംചൂടില്‍ പൊള്ളി ഉത്തർപ്രദേശ്: മൂന്നു ദിവസത്തിനിടെ 54 മരണം; 400 പേർ ചികിത്സയില്‍

 

ലക്‌നൗ: കടുത്ത ചൂടിന്‍റെ പിടിയില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍. ഉത്തർപ്രദേശില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 54 പേർ മരിച്ചതായി റിപ്പോർട്ട്. ബല്ലിയ ജില്ലാ ആശുപത്രിയിൽ മാത്രമാണ് ഇത്രയും മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്.  കടുത്ത ചൂടിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി 400 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ബിഹാറില്‍ 44 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലവർഷം ശക്തമായിട്ടുമുണ്ട്.

സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയർന്ന ചൂടാണ് ഉത്തർപ്രദേശിൽ പലയിടത്തും അനുവപ്പെടുന്നതെന്നാണ് വിവരം. ഉത്തർപ്രദേശിൽ 45 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തി. ബിഹാറിലെ പാറ്റ്നയില്‍ 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.

അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷക്കെടുതിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴയില്‍ സിക്കിമിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.വിനോദ സഞ്ചാരത്തിനെത്തിയ നിരവധി ടൂറിസ്റ്റുകള്‍ മേഖലയില്‍ കുടുങ്ങിയതായി വിവരമുണ്ട്.

Comments (0)
Add Comment