പുതുപ്പള്ളിയുടെ നായകന്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍ ; കേരളമാകെ ആഘോഷം

Jaihind News Bureau
Thursday, September 17, 2020

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നിയസഭാംഗമായിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. പുതുപ്പള്ളിയില്‍ നിന്നും തുടര്‍ച്ചയായ 11 തെരെഞ്ഞെടുപ്പുകളാണ് ഈ ജനകീയ നായകന്‍ വിജയിച്ചു കയറിയത്. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരം വെക്കാനാകാത്ത നേതാവാണ് എപ്പോഴും ഊര്‍ജം പ്രസരിപ്പിക്കുന്ന കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ ചാണ്ടി.

എപ്പോഴും ഊർജം പ്രസരിപ്പിക്കുന്ന പവർ ഹൗസ് എന്ന വിശേഷണം ഉമ്മൻ ചാണ്ടിക്ക് പണ്ടേ ചാർത്തിക്കിട്ടിയതാണ്. നിയമസഭയിൽ അൻപതാണ്ടിന്‍റെ  നിറവിൽ നിൽക്കുമ്പോഴും ആ ഊർജ്ജ പ്രവാഹം ഇടമുറിയാതെ തുടരുന്നു. ആളും ആരവവും അകമ്പടി സേവിച്ച സാമാജികത്തവത്തിന്‍റെ അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും കേരളത്തിന്‍റെ അമരക്കാരന് ആവേശം ഒട്ടും കുറവല്ല.

ഉമ്മൻ ചാണ്ടി എന്ന പേരു പോലെ സമാനതകളില്ലാത്തതാണ് ആ ജീവിതവും. ഉമ്മൻ ചാണ്ടി ജനിച്ചത് തന്നെ രാഷ്ട്രീയക്കാരനാകാനാണ്. മറ്റേതെങ്കിലും വഴിയിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാൻ കാലവും നിയോഗവും തയ്യാറാകാത്തത് കേരളത്തിന്റെ പുണ്യം. അത്രയേറെ ഈ ജനനേതാവ് മലയാളി മനസിൽ സ്വാധീനം ചെലുത്തി കഴിഞ്ഞു. എഞ്ചിനീയറാകണമെന്ന മോഹം ഉള്ളിലെവിടെയോ ഉമ്മൻ ചാണ്ടിക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്നു. എന്നാൽ ജന മനസുകളുടെ സ്‌നേഹ വാത്സല്യങ്ങളിൽ പടുത്തുയർത്തപ്പെട്ടത് കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു നേതാവായിരുന്നു. കുടുംബ വക സ്‌കൂളിൽ കെ.എസ്.യുവിന്‍റെ സമരത്തിനിറങ്ങി കാല് മുറിഞ്ഞ് ചോരയൊലിപ്പിച്ച് തുടങ്ങിയ സമര ജീവിത ഈ എഴുപത്തി ഏഴാം വയസിലും കർമ്മനിരതം.

അലസമായി പാറി നടക്കുന്ന തന്‍റെ മുടിയിഴകൾ പോലെ വിവാദങ്ങളെ അതിന്‍റെ പാട്ടിന് വിട്ട് ഉമ്മൻ ചാണ്ടി അതിവേഗം ബഹുദൂരം നടന്ന് നീങ്ങുന്നു. കർമ്മ മണ്ഡലത്തിൽ ഇനിയുമേറെ ചെയ്തു തീർക്കാനുള്ളപ്പോൾ ഈ ജന നേതാവിന് വിശ്രമിക്കാൻ തീരെ സമയമില്ല. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടേയും ബേബിയുടേയും മകനായി 1943 ഒക്‌ടോബർ 31 നാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സിഎംഎസ് കോളേജിലും ചങ്ങനാശേരി എസ് ബി കോളേജിലുമായി ഉന്നത വിദ്യാഭ്യാസം. പിന്നീട് എറണാകുളം ലോ കോളേജിൽ നിന്നും ബി.എൽ ബിരുദം നേടി.

സ്‌കൂൾ വിദ്യാഭ്യസ കാലത്ത് തന്നെ ഉമ്മൻ ചാണ്ടിയിലെ സംഘാടകനെ സഹപ്രവർത്തകർ തിരിച്ചറിഞ്ഞിരുന്നു. അഖില കേരള ബാലജന സഖ്യത്തിന്‍രെ പ്രസിഡന്‍റ് പദവി അങ്ങനെ തേടിയെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആശയങ്ങളിൽ ആകൃഷ്ടനായി വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യുവിലൂടെ പൊതു രംഗത്ത് സജീവമായി. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റായിരിക്കെയാണ് കുടുംബ വക സ്‌കൂളിൽ സമരത്തിന് ചെല്ലുന്നത്. കുടുംബ വക സ്‌കൂളായ വി.ജെ ഉമ്മൻ സ്മാരക സ്‌കൂളിൽ അന്ന് ഹെഡ്മാസ്റ്റർ പിതാവ് കെ.ഒ.ചാണ്ടി. കെ.എസ്.യു പ്രവർത്തകർ ബെല്ലടിച്ച് സ്‌കൂൾ വിട്ടു. ഹെഡ് മാസ്റ്റർ ചൂരലുമായി വന്നപ്പോൾ ഉമ്മൻ ചാണ്ടി വരാന്തയിൽ നിന്നും എടുത്ത് ചാടി. വീണത് കുപ്പി ചില്ലിന് മുകളിലേക്ക്. കാല് മുറിഞ്ഞ് ചോരയൊഴുകി. അങ്ങനെയായിരുന്നു തുടക്കം. പിന്നീട് വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിന്റെ കനൽ വീണ പാതകളിൽ തളരാത്ത കാലടികളുമായി ഉമ്മൻ ചാണ്ടി നടന്ന് നീങ്ങി.

1967 ൽ എ.കെ.ആന്‍റണിക്ക് ശേഷം കെ.എസ്.യു പ്രസിഡന്‍റായി  തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഇ.എം.എസ് മന്ത്രിസഭക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് കെ.എസ്.യു നേതൃത്വം നൽകി. ഇതിനിടയിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജിലെ മുരളി എന്ന വിദ്യാർത്ഥി പോലീസ് ലാത്തി ചാർജിൽ കൊല്ലപ്പെടുന്നത്. അതോടെ രാഷ്ട്രീയ കേരളം ഇളകി മറിഞ്ഞു. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന ഉമ്മൻ ചാണ്ടിയുടെ മുന്നറിയിപ്പ് കേരളമാകെ ആഞ്ഞടിച്ചു. പ്രക്ഷോഭത്തിന്‍റെ നേതൃ സ്ഥാനത്ത് നിന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഗ്രാഫ് അതിവേഗമുയർന്നു. സർക്കാരിന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. രണ്ട് വർഷം കഴിഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും ഉമ്മൻ ചാണ്ടി കടന്നു വന്നു. യൂത്ത് കോൺഗ്രസ് നേതാവായിരിക്കെയാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. 1970 ൽ പുതുപ്പള്ളിയിൽ സിറ്റിംഗ് എംഎൽഎ സിപിഎമ്മിലെ ഇ.എം.ജോർജിനെ 7288 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അന്ന് മുതൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെയും പുതുപ്പള്ളി ഉമ്മൻ ചാണ്ടിയെയും കൈവിട്ടിട്ടില്ല. തുടർച്ചയായ പതിനൊന്ന് തെരഞ്ഞെടുപ്പുകളിൽ ഈ മലയോര മണ്ഡലം ഒപ്പം നിൽക്കുകയാണ്. മണ്ഡലത്തോടുള്ള സ്‌നേഹം മൂത്ത് സ്വന്തം വീടിന് ഉമ്മൻ ചാണ്ടി നൽകിയ പേരാണ് പുതുപ്പള്ളി ഹൗസ്.
1977 ലെ കെ.കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായാണ് ഭരണ രംഗത്തേക്കുള്ള കടന്ന് വരവ്. തുടർന്നുള്ള ആന്റണി മന്ത്രിസഭയിലും അംഗമായി. 1981-82 കാലത്തെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിച്ചു. പിന്നീട് 91 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയുമായി. 2004 ൽ എ.കെ.ആന്റണി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായി. 2011 ൽ വീണ്ടും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ഒരിക്കൽ കൂടി മുഖ്യമന്ത്രി പദവിയിലേക്ക് ഉമ്മൻ ചാണ്ടി കടന്ന് വന്നു.

കേരളം നന്ദിയോടെ സ്മരിക്കുന്ന നിരവധി ഭരണ നടപടികൾ അദ്ദേഹത്തിൽ നിന്നുണ്ടായി. തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കെയാണ് അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിലില്ലായ്മ വേതനം നൽകാനുള്ള ചരിത്രപരമായ തീരുമാനമുണ്ടായത്. പോലീസുകാരുടെ യൂണിഫോം പരിഷ്‌ക്കാരം, കർഷകത്തൊഴിലാളി പെൻഷൻ, പതിനെട്ട് വയസുകാർക്ക് വേട്ടവകാശം, പി.എസ്.സി നിയമന പരിധി മുപ്പത്തിയഞ്ച് വയസാക്കിയത്, ചുമട്ട് തൊഴിലാളി നിയമം, ആരോഗ്യ ഇൻഷൂറൻസ്, ഒരു രൂപക്ക് അരി തുടങ്ങി ജനകീയ മുഖമുള്ള നിരവധി ക്ഷേമ നടപടികൾ കേരളം നന്ദിയോടെ സ്മരിക്കുന്നു. വികസന പന്ഥാവിലും കേരളം ഏറെ മുന്നേറി. കൊച്ചി മെട്രോ, സ്മാർട് സിറ്റി, കണ്ണൂർ വിമാനത്താവളം, എമർജിംഗ് കേരള തുടങ്ങിയ പദ്ധതികൾ ഭാവി കേരളത്തെ കുറിച്ചുള്ള ഒരു ഭരണാധികാരിയുടെ കരുതലിന്റെ നിദർശനങ്ങളാണ്.
സ്വയം പ്രവർത്തിക്കുക മാത്രമല്ല ചുറ്റുമുള്ളവരെ കൂടി കർമ്മ നിരതരാക്കാൻ ഉമ്മൻ ചാണ്ടിക്ക് പ്രത്യേക മിടുക്കുണ്ട്. കൂടെയുള്ളവരെ അമിതമായി വിശ്വസിക്കുക കുഞ്ഞൂഞ്ഞിന്റെ ദൗർബല്യമാണ്. ഇത് അടുത്ത കാലത്ത് അദ്ദേഹത്തെ കുഴപ്പത്തിൽ കൊണ്ടുചെന്ന് ചാടിച്ചിട്ടുമുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് മുന്നോട്ടുള്ള പ്രയാണം.

കേരളം ഇന്നുവരെ കാണാത്ത ഭരണ നടപടിയാണ് ജനസമ്പർക്ക പരിപാടി. സർക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങി. ഭരണയന്ത്രം എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചു. ചുവപ്പ് നാടകളുടെ കുരുക്കിൽ നിന്നും ഒട്ടേറെ ജീവിതങ്ങൾ രക്ഷപ്പെട്ടു. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി മടുത്തവർ ആശ്വാസത്തോടെ മടങ്ങി. പ്രായോഗിക സമീപനത്തോടെയുള്ള പരിഹാര നിർദേശങ്ങളാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മുന്നോട്ട് വെച്ചത്. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്ലാതെ സാധാരണക്കാരന് എളുപ്പത്തിൽ നീതി പ്രാപ്തമാവുകയും ചെയ്തു. മികച്ച പൊതുസേവകനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌ക്കാരം ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് ജനസമ്പർക്ക പരിപാടിക്കുള്ള അംഗീകാരമായാണ്.

കാലം ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലിയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ ജനങ്ങളോട് കൂടുതൽ അടുത്ത് നിർത്തിയിട്ടേയുള്ളൂ. സാമാജികത്വത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കുമ്പോഴും ജനങ്ങൾ നൽകുന്ന സ്‌നേഹ വാത്സല്യങ്ങളുടെ തണലിലാണ് അദ്ദേഹം നിൽക്കുന്നത്. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ എത്ര ഉഗ്രമായ സൂര്യതാപമേറ്റാലും ഉമ്മൻ ചാണ്ടി തളരില്ല. ജനസമ്മതിയുടെ സുവർണ പ്രഭയിൽ നിൽക്കുന്ന പ്രിയ നേതാവിന് കേരളമാകെ മംഗളങ്ങൾ നേരുന്നു.