ജാർഖണ്ഡിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റില്‍; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍

Jaihind Webdesk
Tuesday, June 25, 2019

Jharkhand-lynching

ജാർഖണ്ഡിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഖർസ്വാനിൽ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജൂൺ 18ന് ആൾക്കൂട്ടം മർദ്ദിച്ചവശനാക്കിയ ഷാംസ് തബ്രീസ് എന്ന യുവാവാണ് 22ന് ആശുപത്രിയിൽ മരിച്ചത്.

ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന ഷാംസ് തബ്രീസിന്‍റെ ആരോഗ്യനില മോശമായതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർച്ചയായി ഏഴ് മണിക്കൂറോളം ആൾക്കൂട്ട മർദ്ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. യുവാവിനെക്കൊണ്ട് അക്രമികൾ ”ജയ് ശ്രീറാം, ജയ് ഹനുമാൻ’ എന്ന് വിളിപ്പിക്കുന്നതും മരക്കഷണം കൊണ്ടും മറ്റും ക്രൂരമായി മർദ്ദിക്കുന്നതുമായുള്ള വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഗ്രാമത്തിൽ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചാണ് ഷാംസിനെ നാട്ടുകാർ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. കാണാതായ ബൈക്ക് ഷാംസും സുഹൃത്തുക്കളും മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. നാട്ടുകാർ വളഞ്ഞതോടെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പിടികൂടിയ ഷാംസിനെ ബുധനാഴ്ചയാണ് അക്രമികൾ പൊലീസിന് കൈമാറുന്നത്. അപ്പോൾത്തന്നെ യുവാവ് അബോധാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് കസ്റ്റഡിയിൽവച്ച് ആരോഗ്യനില വീണ്ടും വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും ഷാംസ് ക്രൂരമർദ്ദനത്തിന് ഇരയായെന്നും ലാത്തിയടിയേറ്റ പാടുകൾ ശരീരത്തിൽ കാണാമെന്നും ബന്ധുക്കൾ ആരോപിച്ചു