ഐ.ടി വകുപ്പിലെ കരാര്‍ നിയമനങ്ങളും കരാര്‍ പുതുക്കലും പരിശോധിക്കാന്‍ 5 അംഗ കമ്മിറ്റി; ശമ്പളം നിശ്ചയിക്കേണ്ട ധനവകുപ്പിന്‍റെ പ്രതിനിധികളെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Jaihind News Bureau
Friday, September 25, 2020

ഐ.ടി വകുപ്പിലെ കരാര്‍ നിയമനങ്ങളും കരാര്‍ പുതുക്കലും പരിശോധിക്കാന്‍ 5 അംഗ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍. ശമ്പളം നിശ്ചയിക്കേണ്ട ധനവകുപ്പിന്‍റെ പ്രതിനിധികളെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഉത്തരവിന്‍റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന്.

ഐ.റ്റി വകുപ്പിലെ കരാര്‍ നിയമനങ്ങളും കരാര്‍ പുതുക്കലും പരിശോധിക്കാന്‍ 5 അംഗ കമ്മിറ്റി രൂപികരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ ശമ്പളം നിശ്ചയിക്കേണ്ട ധനവകുപ്പിന്‍റെ പ്രതിനിധികളെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പുതിയ വിവാദ്തതിന് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നേരത്തെ ഐ.റ്റി വകുപ്പിന്‍റെ അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ധനകാര്യ പരിശോധന വിഭാഗത്തെ നീയമിച്ചിരുന്നു. ചുരുക്കം ചില ഓഫിസുകളില്‍ പോയെങ്കിലും പരിശോധന നിലച്ച മട്ടാണ്. ഇതു വരെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കിയില്ല.

പ്രതിപക്ഷ നേതാവ് ഐ.റ്റി വകുപ്പിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് സഫറുള്ള ഐഎഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് ഇലക്ട്രോണിക്‌സ് ആന്‍റ് ഐ ടി സെക്രട്ടറി, ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ തലവന്‍, ഇലക്ട്രോണിക്‌സ് ആന്‍റ് ഐടി വിഭാഗത്തിലെ അഡീഷണല്‍ അല്ലെങ്കില്‍ ജോയിന്‍റ് സെക്രട്ടറി, ഇ ഗവേണന്‍സ് മിഷന്‍ ടീമിന്‍റെ തലവന്‍, പേഴ്‌സണല്‍ ആന്‍റ് അഡ്മിനിസ്‌ട്രേറ്റിവ് ഡിപ്പാര്‍ട്ടമെന്‍റിലെ പ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ഈ കമ്മിറ്റിയുടെ അനുവാദത്തേടെ മാത്രമേ നിലവിലുള്ള ജീവനക്കാരുടെ കരാര്‍ പുതുക്കാനാവു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഇ മൊബിലിറ്റി പദ്ധതിയിലും വിവിധ കണ്‍സള്‍ട്ടന്‍സി വിഷയങ്ങളിലും നിയമനങ്ങളിലും ധനവകുപ്പ് നിരന്തരം വിയോജിപ്പ് രേഖപ്പെടുത്തി രംഗത്ത് വന്നേതാടെയാണ് ധനവകുപ്പിനെ പോലും ഒഴിവാക്കുന്ന പുതിയ നടപടി കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വലിയ ശമ്പളത്തില്‍ നിയമനം തേടിയ വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഐ.ടി വകുപ്പിലെ പിന്‍വാതില്‍ നിയമനങ്ങളിലെ കള്ളകളളികള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ധനകാര്യ പരിശോധന വിഭാഗത്തെ നേരത്തെ നിയമിച്ചത്.