പൗരത്വ ഭേദഗതി നിയമത്തില്‍ പ്രക്ഷോഭം ശക്തം : ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്കും 15 ബസുകള്‍ക്കും തീയിട്ടു


ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷം. പ്രതിഷേധത്തിൽ കത്തി അസമും ബംഗാളും. ബംഗാളിലെ മൂർഷിദാബാദിൽ റെയിൽവേ സ്റ്റേഷനും ട്രെയിനുകളും പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കി. ഇതേതുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകർ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന അഞ്ച് ട്രെയിനുകൾക്ക് തീവെച്ചു. ബംഗാളിലെ മുർഷിദാബാദ് ജില്ലയില്‍ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ ഇന്നലെയായിരുന്നു സംഭവം. മൂന്ന് ട്രാൻസ്പോർട്ട് ബസുകൾ അടക്കം 15 ബസുകൾക്കും പ്രതിഷേധക്കാർ തീയിട്ടു.

ബംഗ്ലാദേശിന്‍റെ അതിർത്തി പ്രദേശമായ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയിൽ ഗതാഗതം പലയിടത്തും തടസപ്പെട്ടു. പ്രതിഷേധം ആളിക്കത്തുന്ന പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ബംഗാളിലെ ഹൗറയിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഹൗറ എക്‌സ്പ്രസ് റദ്ദാക്കി. 17-ാം തീയതി എറണാകുളം ജംഗ്ഷനിൽ നിന്ന് ഹൗറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ഹൗറ എക്‌സ്പ്രക്‌സും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹൗറയിലേക്കുള്ള ഹൗറ എക്‌സ്പ്രസ് എറണാകുളം വരെയാക്കി വെട്ടിച്ചുരുക്കി. 12-ാം തീയതി അസമിലെ സിൽച്ചാറിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സിൽച്ചാർ-തിരുവനന്തപുരം എക്‌സ്പ്രസും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

അതേസമയം അസമിലും മേഘാലയിലും നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷകൾ മാറ്റി വെച്ചു. ഡിസംബർ 18 ബുധനാഴ്ച ജോലി ചെയ്യാതെ സമരം ചെയ്യുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കാട്ടി സദൗ അസം കർമചാരി പരിഷദ് എന്ന പ്രമുഖ ഉദ്യോഗസ്ഥ സംഘടയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നല്‍കിയ ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.

CAB
Comments (0)
Add Comment