5 കോടി കുടിശ്ശിക; മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

 

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതോടെ മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തി സി-ഡിറ്റ്. വകുപ്പിന്‍റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്‍റനന്‍സ് ഉള്‍പ്പെടെയുള്ള സേവനമാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. ഒമ്പതു മാസത്തെ കുടിശ്ശികയാണ് വകുപ്പ് നല്‍കാനുള്ളതെന്ന് സി-ഡിറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

സമാന രീതിയില്‍ 2021ലും സി-ഡിറ്റ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേവനങ്ങള്‍ നിര്‍ത്തിയിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. കരാറുമായി മുന്നോട്ടു പോകവെയാണ് വീണ്ടും വന്‍ തുക കുടിശ്ശിക വന്നത്. വിവിധ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍നിന്ന് വകുപ്പ് ഫീസ് ഈടാക്കുന്നുണ്ട്. ഈ പണം ട്രഷറിയിലേക്ക് പോകുന്നുണ്ടെങ്കിലും പിന്നീട് സി-ഡിറ്റിന് കിട്ടുന്നില്ല. കുടിശ്ശിക തീര്‍ക്കണമെന്ന് കാണിച്ച് പല തവണ എംവിഡിക്ക് കത്തയച്ചെങ്കിലും തീരുമാനമില്ലാതെ നീണ്ടതോടെയാണ് ഈ മാസം 17ന് ജീവനക്കാരെ ഉള്‍പ്പെടെ സി-ഡിറ്റ് പിന്‍വലിച്ചത്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

Comments (0)
Add Comment