ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യദിനം ഇന്ത്യക്കു മേൽക്കൈ. ടോസിനു ശേഷം ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്ങ്‌സിൽ ഇന്ത്യ 246 റൺസിലൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങിൽ ആദ്യംദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസെടുത്തിട്ടുണ്ട്.
ലോകേഷ് രാഹുലും (11*) ശിഖർ ധവാനുമാണ് (3*) ക്രീസിൽ. മുഴുവൻ വിക്കറ്റുകളും ബാക്കിനിൽക്കെ ഇംഗ്ലണ്ടിനൊപ്പമെത്താൻ ഇന്ത്യക്കു ഇനി 227 റൺസ് കൂടി വേണം.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്‍റെ തീരുമാനം പിഴയ്ക്കുകയായിരുന്നു. ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ആതിഥേയരെ അക്ഷരാർഥത്തിൽ വരിഞ്ഞുകെട്ടി. ആറു വിക്കറ്റിന് 86 റൺസെന്ന നിലയിേേവലക്കു വീണ ഇംഗ്ലണ്ടിനെ വാലറ്റക്കാരാണ് വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 78 റൺസെടുത്ത സാം കറെനാണ് ഇംഗ്ലണ്ടിന്‍റെ ടോപ്‌സ്‌കോറർ. മോയിൻ അലി 40 റൺസെടുത്തു.
മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ആർ അശ്വിനും രണ്ടു വിക്കറ്റ് വീതം പങ്കിട്ടപ്പോൾ ഹർദിക് പാണ്ഡ്യക്കു ഒരു വിക്കറ്റ് ലഭിച്ചു. മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ തന്നെ നിലനിർത്തിയാണ് ഇന്ത്യ ഈ മൽസരത്തിനിറങ്ങിയത്.
പരിക്കുള്ള ആർ അശ്വിൻ കളിച്ചേക്കില്ലെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ താരത്തെ ടീമിൽ നിലനിർത്തുകയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മത്സരം ഏറെ നിർണായകമാണ്. അഞ്ചു മൽസങ്ങളുടെ പരമ്ബരയിൽ 2-2ന് ഒപ്പമെത്താൻ നാലാം ടെസ്റ്റിൽ ഇന്ത്യക്കു ജയിച്ചേ തീരൂ.