വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; കെഎസ്ഇബി അഴിമതി അടക്കം ഉന്നയിക്കാന്‍ പ്രതിപക്ഷം

Jaihind Webdesk
Thursday, February 17, 2022

15 ാം കേരള നിയമസഭയുടെ 4 ാം സമ്മേളനത്തിനു നാളെ തുടക്കമാകുമ്പോള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിപക്ഷം മുള്‍മുനയില്‍ നിര്‍ത്തും. ആരോഗ്യ വകുപ്പിലെ പര്‍ച്ചേസ് അഴിമതി, സ്വര്‍ണ്ണകടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍, വൈദ്യുതി വകുപ്പിലെ അഴിമതി, ഭൂമി തരം മാറ്റാനാവാതെ മത്സ്യത്തൊഴിലാളിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക.

രണ്ടാം പിണറായി സര്‍ക്കാരിലെ മുഖ്യമന്ത്രിയും സംഘവും പ്രതിപക്ഷത്തിന്‍റെ ആക്രമണത്തില്‍ തകരുന്ന കാഴ്ച്ചയാണ് നിയമസഭ സമ്മേളനങ്ങളില്‍ സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് നിയമസഭയില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് നടത്തുന്നത്.

പ്രതിപക്ഷത്തിന്‍റെ പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കൃത്യമായ മറുപടി ഉണ്ടാകാറില്ല. പകരം മൈതാന പ്രസംഗത്തിന്‍റെ ശൈലിയാണ് രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാര്‍ സ്വീകരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കാര്യമാത്ര പ്രസക്തമായ മറുപടി പറയേണ്ട കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്കാവുന്നില്ല. കാര്യങ്ങള്‍ പഠിച്ച്, നന്നായി ഹോം വര്‍ക്ക് ചെയ്തെത്തുന്ന വി ഡി സതീശന്റെയും പ്രതിപക്ഷ നിരയിലെ മറ്റ് അംഗങ്ങളുടെയും മുന്നില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും എപ്പോഴും അടിപതറി.

കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും മുട്ടില്‍ മരം മുറി, മുല്ലപെരിയാര്‍, ഡോളര്‍ കടത്ത്, കൊവിഡ് മരണനിരക്കിലെ ഒളിച്ചുകളി തുടങ്ങിയ അടിയന്തര പ്രമേയങ്ങളില്‍ മറുപടി പറയാതെ മൗനത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു മുഖ്യമന്ത്രി. സതീശന്‍റേയും കൂട്ടരുടേയും കടന്നാക്രമണത്തില്‍ പ്രതിപട്ടികയില്‍ നില്‍ക്കുന്ന കുറ്റവാളിയെ പോലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ എംഎല്‍എമാര്‍ക്കും കൃത്യമായ ചുമതല വീതിച്ചു നല്‍കിയാണ് യു.ഡി.എഫ് ഭരണപക്ഷത്തിന്മേല്‍ സഭാ സമ്മേളനങ്ങളില്‍ വിജയം കാണുന്നത്. പുതിയ യുഡിഎഫ് എം.എല്‍.എമാര്‍ക്ക് ഓരോ വിഷയങ്ങളുടേയും ചുമതല വീതിച്ചു നല്‍കിയാണ് പ്രതിപക്ഷ നേതാവ് കൃത്യതയോടെ സമ്മേളനങ്ങളെ സമീപിക്കുന്നത്.

പി.കെ. കുഞ്ഞാലികുട്ടി, എം.കെ. മുനീര്‍, പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, കെ.കെ.രമ, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എ മാരും നിയമസഭ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്. പരിചയ സമ്പന്നരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭ സമ്മേളനങ്ങളില്‍ യുഡിഎഫിന് ചാലക ശക്തിയുമാകുന്നു.

പി.ടി. തോമസിനെ പോലൊരു പരിചയ സമ്പന്നന്‍റെ അകാലവിയോഗം നിയമസഭയില്‍ യുഡിഎഫിന് കനത്ത നഷ്ടമാണ്. മറുവശത്ത് പരിചയ സമ്പന്നരായ എ.കെ ബാലന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍, ഇ.പി.ജയരാജന്‍ എന്നിവരുടെ അഭാവം സഭാ സമ്മേളനങ്ങളില്‍ സര്‍ക്കാരിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളില്‍ തിരിച്ചടി നേരിട്ടതായി മുഖ്യമന്ത്രി പിണറായി വിജയനും വിലയിരുത്തുന്നുണ്ട്.