സംയുക്ത തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു

Jaihind Webdesk
Wednesday, January 9, 2019

All-India-Strike-2nd-Day

കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. ആദ്യ ദിനത്തിൽ സംസ്ഥാനത്ത് ഹർത്താലിനു തുല്യമായി. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. പണിമുടക്കിയ തൊഴിലാളികൾ, കടകൾ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തു. സർക്കാർ ഓഫീസുകൾ മിക്കതും ശൂന്യമായിരുന്നു.

ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കാൻ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയിൽ കടയടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. വർക്കല റെയിൽവേസ്റ്റേഷന് മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു. തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.