മഴക്കെടുതിയില്‍ മരണം 47 ആയി; 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരും

Jaihind News Bureau
Saturday, August 10, 2019

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കനത്ത മഴയക്ക് സാധ്യതയുള്ള 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരും. മഴക്കെടുതിയിൽ മരണം 47 ആയി. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തെക്കൻ ജില്ലകളിലും ഇന്ന് മഴ ശക്തമായി.

വയനാട്ടിൽ അതീവ ജാഗ്രത. മഴ ശക്തമായി തുടരുകയാണ്. പുത്തുമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒരു മൃതദേഹം കൂടി കണ്ടെത്തി. എൻഡിആർഎഫും സൈന്യവുമാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. നാവിക സേനയുടെ ഹെലികോപ്ടർ ഉച്ചയോടെ ബത്തേരിയിലെത്തും. രക്ഷാപ്രവർത്തനത്തിന് 40 അംഗ സംഘം മാത്രമാണ് ഉള്ളത്. ബാണാസുര ഡാം ഇന്ന് തുറക്കും. വൈകീട്ട് മൂന്നുമണിയോടെ ഡാം തുറക്കുമെന്നാണ് അറിയിച്ചത്. ഭവാനി ഡാമിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. വൈത്തിരിയിലെ ദേശീയപാതയ്ക്കരുകിലെ ഇരുനില കെട്ടിട്ടുമറിഞ്ഞു വീണു കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയിലാണ് കെട്ടിടം മറിഞ്ഞ് വീണത്. കഴിഞ്ഞ പ്രളയകാലത്ത് കെട്ടിടത്തിന് വിള്ളൽ വീണിരുന്നു. ഈ പ്രദേശത്ത് കനത്ത മഴയാണ് ഉള്ളത്.

മലപ്പുറത്ത് ശക്തമായ മഴ തുടരുന്നു. കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 15 കുടുംബങ്ങളിലെ 43 പേർ മണ്ണിടിയിൽ കുടുങ്ങിക്കിടക്കുന്നു. അതോടൊപ്പം കോട്ടക്കുന്നിൽ പിഞ്ചു കുഞ്ഞടക്കം മൂന്നു പേർ മണ്ണിനടിയിൽപ്പെട്ട സ്ഥലത്തും രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതാണ് രക്ഷാ പ്രവർത്തനം പ്രതിസന്ധിയിലാകാൻ കാരണം.

കണ്ണൂരിൽ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ മലയോര മേഖല ഉൾപ്പടെ വെള്ളക്കെട്ട് തുടരുകയാണ്. 8000 ത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

തുടർച്ചയായ മഴയിൽ കാസർകോട് ജില്ലയിലെ പുഴയോരത്തു താമസിക്കുന്നവർക്കാണ് ഏറെ നാശനഷ്ടം ഉണ്ടായത്. ഇപോഴും ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.