വയനാട് ദുരന്തത്തില്‍ മരണം 413 ആയി; പത്താം ദിവസവും തിരച്ചില്‍ തുടരും

 

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണം 413 ആയി. ദുരന്തം നടന്ന് പത്താം ദിവസമായ ഇന്നും തിരച്ചിൽ തുടരും. സൺറൈസ് വാലി കേന്ദ്രീകരിച്ച ഇന്നു കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. ഇന്നത്തെ തിരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തിരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.

ഓപ്പറേഷൻ സൺറൈസ് വാലിയുടെ മൂന്നാം ദിനമായ ഇന്ന് കൊച്ചിയിൽ നിന്നെത്തിച്ച മായ, മർഫി എന്നീ കഡാവർ നായകളെ ഉപയോഗിച്ചാകും ദൗത്യം. ഇന്നലെ സൈന്യത്തിന്‍റെ കടവാർ നായയെ ഉപയോഗിച്ചുള്ള തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് നീക്കം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ രൂപപ്പെട്ട തുരുത്തിൽ നിന്നാണ് ശരീരഭാഗം ലഭിച്ചത്. ഈ തുരുത്ത് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടത്താനാണ് മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികൾ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദർശനം നടത്തി റിപ്പോർട്ടും സമർപ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

അതേസമയം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ 3 വിഭാഗത്തില്‍ വയനാട് ഉരുള്‍പൊട്ടലിനെ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് ലഭിക്കും. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സമഗ്ര പാക്കേജ് അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.

Comments (0)
Add Comment