സ്വപ്നയുടേയും സരിത്തിന്‍റെയും മൊഴികളില്‍ സംസ്ഥാനത്തെ 4 മന്ത്രിമാരും ; സാമ്പത്തിക ഇടപാടുകളുണ്ടെന്നും മൊഴി ; കുരുക്ക്

Jaihind News Bureau
Friday, December 11, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ സംസ്ഥാനത്തെ നാല് മന്ത്രിമാരും. ഇവരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയിലുണ്ട്. നേരത്തെ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സമർപ്പിച്ച രഹസ്യരേഖയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതിയും പരാമർശിച്ചിരുന്നു.

സ്വപ്നയുടെ ഫോണിൽ നിന്നും വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളിൽ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയിൽ നൽകിയത്.  പ്രതികൾ വെളിപ്പെടുത്തിയ പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പരാമർശം. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇത്തരക്കാരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താൻ വഴിയൊരുക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണഘടനാ പദവിയിലുള്ള ഉന്നതനും പങ്കെന്ന് സരിത്തിന്‍റെ മൊഴി

ഭരണഘടനാ പദവിയിലുള്ള ഉന്നതനും സ്വര്‍ണ, ഡോളർ കടത്ത് ഇടപാടില്‍ ബന്ധമുള്ളതായി സരിത് നേരത്തെ മൊഴി നല്‍കിയിരുന്നു. സരിത്തിന്‍റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും  സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ആരോപണവിധേയനായ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇയാളുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യലിനു വിളിപ്പിക്കേണ്ടിവരുമെന്നതിനാൽ ഇതിന്‍റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.