ഇനി പ്രചരണത്തിന് ചൂടേറും; ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ഇനി നാല് ദിനം മാത്രം..

ഇനി പ്രചരണത്തിന് ചൂടേറും. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിക്കാൻ ഇനി നാല് ദിവസം മാത്രം ശേഷിക്കെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ.

കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രിയങ്കാഗാന്ധിയും ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണത്തിനിറങ്ങും. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്‍റെ പരീക്ഷണ ഭൂമിയായ ഉത്തർ പ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിൻറെ തെരഞ്ഞെടുപ്പ് റാലികളും ഇന്നു തുടങ്ങുകയാണ്. സഹാരൻപൂർ മണ്ഡലത്തിൻറെ ഭാഗമായ ദിയൂബന്ദിലെ റാലിയിൽ മായാവതിയും അഖിലേഷ് യാദവും പങ്കെടുക്കും. ആർഎൽഡി അധ്യക്ഷൻ അജിത് സിങ്ങും റാലിയിൽ പങ്കെടുക്കും. ബിഎസ്പിയുടെ ഹാജി ഫസ്ലു റഹ്മാനാണ് ഇവിടെ സ്ഥാനാർഥി.

പതിനൊന്ന് സംയുക്ത റാലികളാണ് ഉത്തർ പ്രദേശിൽ സഖ്യം നടത്തുന്നത്. മെയ് 16 ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് സംയുക്ത റാലികളുടെ സമാപനം. എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും ആർഎൽഡി മൂന്നു സീറ്റുകളിലുമാണ് ഉത്തർ പ്രദേശിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും സംയുക്ത സഖ്യം സ്ഥാനാർഥികളെ നിർത്തിയിട്ടില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താനായി എത്തും. ഉത്തർപ്രദേശിൽ എസ്.പി-ബിഎസ്പി സഖ്യത്തിൻറെ തെരഞ്ഞെടുപ്പ് റാലികൾക്കും ഇന്നു തുടക്കമാവും. ബംഗാൾ ,ത്രിപുര,മണിപ്പൂർ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൻറെ ഭാഗമായി മോദി പ്രചാരണം നടത്തുക. ബംഗാളിൽ ഭരണകക്ഷിയായ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ബിജെപി. പ്രധാനമന്ത്രി നേരിട്ട് എത്തിപ്രചാരണം നയിക്കുന്നതോടെ സംസ്ഥാനത്ത് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഒഡീഷയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ്‌റാലികൾക്കെത്തും.

Comments (0)
Add Comment