ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 32 റൺസിന്റെ തോൽവി. നായകൻ വിരാട് കോഹ്ലി 41-ആം സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതിയെങ്കിലും സഹതാരങ്ങളിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.
ഓസീസ് ഉയർത്തിയ 314 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 281 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 95 പന്തുകളിൽ നിന്ന് 123 റൺസായിരുന്നു വിരാട് കോഹ്ലി നേടിയത്. 314 റൺസിലേക്ക് ആത്മവിശ്വാസത്തോടെ കോഹ്ലി നയിച്ചെങ്കിലും സഹതാരങ്ങൾക്ക് ആർക്കും മികച്ച റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.
ഹോം ഗ്രൗണ്ടിൽ മത്സരത്തിനിറങ്ങിയ ധോണി 26 റൺസാണ് നേടിയത്. 32 റൺസെടുത്ത വിജയ് ശങ്കറാണ് ഇന്ത്യൻ നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോറർ. ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. 27 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 313 റൺസ് എടുത്തത്. കന്നി സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെയും സെഞ്ച്വറിക്ക് ഏഴു റൺസ് അകലെ പുറത്തായ നായകൻ ആരോണ്‍ ഫിഞ്ചിന്റെയും തകർപ്പൻ ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്.
ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും മുഹമ്മദ് ഷമി ഒന്നും വിക്കറ്റുകൾ വീഴ്ത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു കളിയും ഇന്ത്യ ജയിച്ചിരുന്നു.