തിരുവനന്തപുരം : കിറ്റ് വിതരണം എന്ന സംസ്ഥാന സർക്കാർ വാഗ്ദാനം പാഴാകുന്നു. ഓണക്കിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാവില്ല. ചില ഉല്‍പന്നങ്ങളുടെ കുറവ് മൂലം കിറ്റുകള്‍ പൂര്‍ണ്ണമായും തയാറാക്കാനാകാതെ സപ്ലൈക്കോ. 37 ലക്ഷം പേര്‍ക്ക് കൂടി ഇനി കിറ്റ് ലഭിക്കാനുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് മുഴുവന്‍ കിറ്റുകളും 16-ാം തീയതിയോടെ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിതരണ സംവിധാനങ്ങൾ പാളി. 16 ഇനം കിറ്റിലെ ചില ഉല്‍പന്നങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ലഭ്യമാക്കാനാവാതെ പോയതാണ് വിതരണത്തിന് തടസമായതെന്നാണ് സപ്ലൈക്കോയുടെ ന്യായീകരണം. ഏലയ്ക്കാ, ശര്‍ക്കരവരട്ടി പോലുള്ളവയുടെ കുറവ് പ്രതിസന്ധിക്ക് കാരണമായി. ഓണത്തിന് മുമ്പ് പൂർത്തിയാക്കേണ്ട കിറ്റ് വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സപ്ലൈകോയുടെ നിലപാട്.
ആയിരത്തിലധികം പാക്കിംഗ് സെന്‍ററുകളുണ്ട്. ഈ സെൻ്ററുകളിലൂടെ ഉത്രാട ദിനത്തിലും കിറ്റുകള്‍ വിതരണം തുടരും. 75 ശതമാനം കിറ്റ് വിതരണം തിരുവോണത്തിന് മുമ്പേ പൂര്‍ത്തിയാക്കാകാൻ നെട്ടോട്ടം ഓടുകയാണ് സപ്ലൈകോ. കിറ്റ് വിതരണം എന്ന് മേനി പറയുന്ന സംസ്ഥാന സർക്കാരിന് വിതരണത്തിൽ സംഭവിച്ച പാളിച്ച ഇരുട്ടടിയാകുകയാണ്.