തിരുവനന്തപുരത്ത് 36 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

 

തിരുവനന്തപുരം: പോത്തൻകോട് നവജാതശിശുവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ 36 ദിവസം മാത്രം പ്രായമുള്ള ശ്രീദേവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പട്ട് അമ്മ സുരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞിനെ കാണാതായിരുന്നു. തുടർന്ന് മൂന്നരയോടെ കുടുംബാംഗങ്ങൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി ഒരു ടവൽ കണ്ടെത്തുകയും തുടർന്ന് തിരഞ്ഞ് ചെന്നതോടെ കിണറ്റിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തത്. ഫയർഫോഴ്‌സെത്തി പുറത്തെടുത്തപ്പോഴേക്കും കുഞ്ഞിൻറെ ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാത്രിയിൽ കാണാതാവുകയായിരുന്നു. വീടിന്‍റെ പിൻവശത്തെ വാതിൽ തുറന്നനിലയിലാണ് കണ്ടെത്തിയതെന്നും കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Comments (0)
Add Comment