ഇന്‍ഡോർ : സർക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വർഗീയ ഉള്‍പ്പെടെ 350 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സർക്കാർ. നിരോധനാജ്ഞ ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് 350 ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്യോഗിതാഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിജയ വര്‍ഗീയക്ക് പുറമെ ഷങ്കർ ലാല്‍വാനി എം.പി, എം.എല്‍.എമാരായ മഹേന്ദ്ര ഹർദിയ, രമേഷ് മെന്ദോള തുടങ്ങിയ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ മനപൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഞങ്ങളുടെ നേതാക്കള്‍ ഇവിടെയുണ്ടായിപ്പോയി. അല്ലെങ്കില്‍ ഇന്‍ഡോറിന് ഇന്ന് തീ കൊളുത്തിയേനെ എന്നായിരുന്നു വിജയ് വർഗീയയുടെ ഭീഷണി. തഹസില്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
നിരോധനാജ്ഞ ലംഘിച്ച് അനുമതിയില്ലാതെ യോഗം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.