9 മാസത്തിനിടെ 32 പുതിയ ബാർ ലൈസൻസുകൾ; മദ്യത്തിന്‍റെ ലഭ്യത ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കാകുന്നു

Jaihind News Bureau
Friday, October 4, 2019

കഴിഞ്ഞ 9 മാസത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചതു 32 പുതിയ ബാർ ലൈസൻസുകൾ. ഈ വർഷത്തെ എല്ലാ അപേക്ഷകളും കഴിഞ്ഞ വർഷത്തെ ഒരു അപേക്ഷയുമാണ് സർക്കാർ പാസ്സാക്കിയത്. ലോക്‌സഭയിലേക്കും 6 നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് ഇത്രയധികം പുതിയ ബാറുകൾ സർക്കാർ അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.

മുൻപു ബാർ പ്രവർത്തിച്ചിരുന്ന ബിയർ ആൻഡ് വൈൻ പാർലറുകൾക്കു വീണ്ടും ബാർ അനുവദിച്ചതിന്‍റെ ക്രോഡീകരിച്ച കണക്ക് എക്‌സൈസ് കമ്മിഷണറേറ്റിൽ ലഭ്യമല്ല. അതു കൂടി ചേർത്താൽ ഈ വർഷം പ്രവർത്തിച്ചുതുടങ്ങിയ ബാറുകളുടെ എണ്ണം എഴുപതോളം വരും. ഈ വർഷം ഇതുവരെ 8 ബിയർ ആൻഡ് വൈൻ പാർലറുകൾ പുതുതായി അനുവദിച്ചെന്നും വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പു നൽകിയ മറുപടിയിൽ പറയുന്നു. പുതിയ ബാറുകൾ ഏറെയും എറണാകുളം, തൃശൂർ ജില്ലകളിലാണ്.

മദ്യത്തിന്‍റെ ലഭ്യത ഘട്ടം ഘട്ടമായി കുറയ്ക്കുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന പ്രഖ്യാപനം. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്തു പൂട്ടിയതോ ബിയർ ലൈസൻസിലേക്ക് ഒതുങ്ങിയതോ ആയ ഹോട്ടലുകൾക്കും ബാർ അനുവദിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇവയിൽ നല്ലൊരു പങ്കിനും ലൈസൻസ് നൽകിയതിന് പുറമെയാണ് പുതുതായി 32 ബാറുകൾ കൂടി തുറക്കുന്നത്.