കോട്ടയത്തെ ദുരഭിമാനക്കൊലയിലും വരാപ്പുഴ കസ്റ്റഡി മരണക്കേസിലും മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശവും സഭ നിരന്തരം പ്രഷുബ്ദ്ധമായി. നെൽവയൽ തണ്ണീർത്തട ഭേദഗതിയടക്കം 32 ഓർഡിനൻസുകൾ നിയമമാക്കി മാറ്റി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
കോട്ടയത്തെ ദുരഭിമാനക്കൊലയിൽ സ്തംഭിച്ചായിരുന്നു പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ തുടക്കം. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ അന്വേഷണത്തെച്ചൊല്ലിയും ആലുവയിൽ യുവാവിന് പോലീസ് മർദനമേറ്റ സംഭവത്തിലെ മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശവും തുടർന്നുള്ള ദിവസങ്ങളിൽ സഭ സ്തംഭിക്കുന്നതിന് കാരണമായി. പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചകൾ തന്നെയായിരുന്നു സമ്മേളനത്തിലെ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.
പരിസ്ഥിതിലോലപ്രദേശങ്ങളുടെ പരിധിയിൽ നിന്ന് തോട്ടഭൂമി ഒഴിവാക്കിയെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനവും സഭാ സമ്മേളനത്തെ വിവാദത്തിലാഴ്ത്തി. നെൽവയൽ-തണ്ണീർത്തട നിയമത്തിന്റെ ഭേദഗതികൾ പാസാക്കിയത് പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പിനിടെയാണ്. കരിനിയമമെന്നും കേരള ചരിത്രത്തിലെ കറുത്ത ദിവസമെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം.
നിപാ വൈറസ് ബാധ സംബന്ധിച്ച അടിയന്തര പ്രമേയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്തതും ഇരുപക്ഷങ്ങളും കൂട്ടായ തീരുമാനങ്ങൾ എടുത്തതിനും പതിനൊന്നാം സമ്മേളനം സാക്ഷ്യം വഹിച്ചു.
35 ഓർഡിനൻസുകളിൽ 3 എണ്ണം ഒഴികെ 32 എണ്ണവും നിയമമാക്കി മാറ്റി. 10 അടിയന്തര പ്രമേയങ്ങളും 20 ശ്രദ്ധ ക്ഷണിക്കലുകളും 129 സബ്മിഷനുകളും സഭയിൽ ഉന്നയിക്കപ്പെട്ടു. 4,973 ചോദ്യങ്ങൾ സഭാ തലത്തിലെത്തി.
42 വർഷം നീണ്ടുനിന്ന സഭാ സമ്മേളനത്തിന്റെ സമയക്രമവും പരിഷ്കരിച്ചു. രാവിലെ 9 മുതൽ രണ്ടു വരെയാണ് അടുത്ത സമ്മേളനം മുതൽ നിയമസഭ ചേരുക.